സിനിമ വർഗീയസംഘർഷത്തിന് കാരണമായാൽ സർക്കാർ നോക്കിക്കോളണമെന്ന് ഡിവിഷൻ ബെഞ്ച്

കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘ദി കേരള സ്റ്റോറി 2 -ഗോസ് ബിയോൺഡ്’എന്ന സിനിമയുടെ റിലീസ് കാരണം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ അത് പരിഹരിക്കാൻ നോക്കേണ്ടത് സർക്കാരിന്റെ കടമയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എല്ലാവശങ്ങളും കണക്കിലെടുത്തും സിനിമ പൂർണമായും കണ്ടശേഷവുമാകും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയത്. അതിനാൽ സിനിമയുടെ ടീസറുകളും ട്രെയിലറുകളും മാത്രം കണ്ടുകൊണ്ട് മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് സിംഗിൾ ബെഞ്ച് നിഗമനത്തിലെത്തിയത് അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യാഴാഴ്ച പുറപ്പെടുവച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസുമാരായ എസ് എ ധർമ്മാധികാരി, പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
"ഒരിക്കൽ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞാൽ, ക്രമസമാധാനം ഉൾപ്പെടെയുള്ള എല്ലാ മാർഗനിർദേശങ്ങളും ബന്ധപ്പെട്ട അതോറിറ്റി കണക്കിലെടുത്തിട്ടുണ്ടെന്ന പ്രാഥമിക അനുമാനം നിലനിൽക്കുന്നുണ്ട്. സിനിമയുടെ റിലീസ് കാരണം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ കടമയാണ്." കോടതി ഉത്തരവിൽ പറഞ്ഞു.
ചിത്രം വെള്ളിയാഴ്‌ച തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിന് പിന്നാലെ നിർമാതാക്കൾ നൽകിയ ഹർജി പരിഗണിക്കാൻ വ്യാഴാഴ്ച തന്നെ രാത്രി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നിരുന്നു. പൊതുതാൽപര്യ ഹർജി എങ്ങനെയാണ് സിംഗിൾ ബെഞ്ചിന് പരിഗണിക്കാൻ കഴിയുക എന്ന ചോദ്യം ഡിവിഷൻ ബെഞ്ച് ഉന്നയിച്ചിരുന്നു.
എന്നാൽ, കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ഡിവിഷൻ ബെഞ്ചിൽനിന്ന് പരാമർശമുണ്ടായില്ല. സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുന്ന ദൃശ്യങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സെൻസർ ബോർഡ് അവഗണിച്ചെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തിയിരുന്നു.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാൻസിസുമാണ് 'കേരള സ്റ്റോറി 2' സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജി നൽകിയത്. സിനിമയുടെ ശീർഷകവും ടീസറിലെ ഡയലോഗുകളും കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ശ്രീദേവ് നമ്പൂതിരി ഹർജിയിൽ ആരോപിച്ചിരുന്നു. 'അബ് സഹേംഗെ നഹി... ലഡേംഗെ' (ഇനി സഹിക്കില്ല, പോരാടും) എന്ന ടീസറിലെ വരി വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു.
ഫ്രെഡി ഫ്രാൻസിസ് സമർപ്പിച്ച മറ്റൊരു ഹർജിയിൽ, സിനിമയിലെ കഥ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടേതായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കാനാണെന്ന് ആരോപിച്ചു. ഇത് 'വെറുപ്പിന്റെ വിപണനം' ആണെന്നും സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന അവകാശവാദം വ്യാജമാണെന്നും ഫ്രെഡി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീദേവ് നമ്പൂതിരിക്ക് വേണ്ടി മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ, കെ എം റിസ്‌ല, ദീപിക കെ ശശി എന്നിവരും ഫ്രെഡി ഫ്രാൻസിസിനായി ശ്രീരാഗ് ഷൈലൻ, ഫർഹ അസീസ്, എസ് ദേവനന്ദ എന്നിവരും ഹാജരായി. സിനിമയുടെ നിർമാതാക്കൾക്കായി നീരജ് കിഷൻ കൗൾ, എൽവിൻ പീറ്റർ, അമിത് നായിക്, മധു ഗഡോദിയ, നിതേഷ്, വൈഭവ്, ജസ്മീത് എന്നിവരും ഹാജരായി.










0 comments