പുതിയ കണക്കില്ല; 2019ലെ കന്നുകാലി സെൻസസ് കണക്കിൽ തുടർന്ന് കേരളം

എഐ പ്രതീകാത്മകചിത്രം
എം സനോജ്
Published on Oct 04, 2026, 10:58 AM | 3 min read
നിലമ്പൂർ : 2024ൽ നടത്തിയ 21-ാം കന്നുകാലി സെൻസസിന്റെ അന്തിമ ഡാറ്റ കേന്ദ്ര സർക്കാർ അംഗീകരിച്ച് ലഭ്യമാക്കാത്തതിനാൽ കേരളത്തിലെ കന്നുകാലി ജനസംഖ്യയുടെ പുതിയ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ല. ഇതോടെ 2019ൽ നടന്ന 20-ാം കന്നുകാലി സെൻസസിലെ കണക്കുകളാണ് നിലവിൽ കേരളത്തിലെ കന്നുകാലി ജനസംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളായി തുടരുന്നത്.
സെൻസസ് പൂർത്തിയായി; കണക്കുകൾ പുറത്തില്ല
രാജ്യത്തെ കന്നുകാലി സമ്പത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി നടത്തിയ 21-ാം കന്നുകാലി സെൻസസിന്റെ അന്തിമ റിപ്പോർട്ടാണ് ഇപ്പോഴും പുറത്തുവരാനുള്ളത്. 2024 ഒക്ടോബർ 25നാണ് രാജ്യത്ത് സെൻസസ് ആരംഭിച്ചത്. 2025 മാർച്ച് 31നകം നടപടികൾ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരളത്തിൽ നാല് മാസം നീണ്ട ഫീൽഡ് പ്രവർത്തനങ്ങളുടെ ഭാഗമായി വീടുതോറും എത്തിയാണ് വിവരശേഖരണം നടത്തിയത്. കുടുംബശ്രീയുടെ പശു സഖിമാരുടെ പങ്കാളിത്തമായിരുന്നു കേരളത്തിലെ സെൻസസിന്റെ പ്രത്യേകത.
സംസ്ഥാനത്ത് 3,155 പശു സഖിമാരെയാണ് എന്യുമറേറ്റർമാരായി നിയോഗിച്ചത്. പരമ്പരാഗത പേപ്പർ രീതിക്ക് പകരം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. 16 വിഭാഗത്തിൽപ്പെട്ട മൃഗങ്ങളുടെയും കോഴിവർഗങ്ങളുടെയും കണക്കുകൾ ഡിജിറ്റലായി രേഖപ്പെടുത്തി. മൃഗങ്ങളുടെ എണ്ണം മാത്രമല്ല, പ്രായം, ലിംഗഭേദം, ഇനം, ഉപയോഗം തുടങ്ങിയ വിവരങ്ങളും ശേഖരിച്ചു. വിവരശേഖരണം പൂർത്തിയായിട്ടും അന്തിമ ഫലം ലഭ്യമാകാത്തതിനാൽ 2019ലെ കണക്കുമായി താരതമ്യം ചെയ്ത് കഴിഞ്ഞ വർഷങ്ങളിൽ കന്നുകാലി ജനസംഖ്യയിൽ ഉണ്ടായ മാറ്റം എത്രയെന്ന് വ്യക്തമാക്കാനാകാത്ത സ്ഥിതിയാണ്.
പുതിയ പദ്ധതികൾക്കും കണക്കുകൾ വേണം
പുതിയ കണക്കുകൾ പുറത്തുവരാത്തതിനാൽ കന്നുകാലി ജനസംഖ്യയിലെ നിലവിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും പ്രയാസം നേരിടുന്നു. ക്ഷീരകർഷകർക്കുള്ള സബ്സിഡികളും ആനുകൂല്യങ്ങളും ആസൂത്രണം ചെയ്യുന്നതിനും മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾ രൂപപ്പെടുത്തുന്നതിനും പുതുക്കിയ ഡാറ്റ ആവശ്യമാണ്. വാക്സിനേഷൻ, രോഗനിയന്ത്രണം തുടങ്ങിയ മേഖലകളിലും കൃത്യമായ പുതിയ കണക്കുകൾ ആവശ്യമാണ്. 21-ാം സെൻസസിന്റെ അന്തിമ ഡാറ്റ പുറത്തുവന്നാൽ മാത്രമേ 2019ലെ കണക്കുമായി താരതമ്യം ചെയ്ത് സംസ്ഥാനത്തെ കന്നുകാലി ജനസംഖ്യയിൽ ഉണ്ടായ യഥാർഥ മാറ്റം വ്യക്തമാകൂ.
2019ലെ കണക്കിൽ തന്നെ കേരളം
2024ലെ സെൻസസിന്റെ അന്തിമ ഡാറ്റ നിലവിൽ ലഭ്യമാക്കാൻ സാധ്യമല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന്റെ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. 2019ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് ആകെ 29,08,006 കന്നുകാലികളാണ് ഉണ്ടായിരുന്നത്. ഇതിൽ 13,41,996 പശുക്കൾ, 1,01,504 എരുമകൾ, 13,59,161 ആടുകൾ, 1,03,863 പന്നികൾ, 1,482 ചെമ്മരിയാടുകൾ ഉൾപ്പെടുന്നു. ജില്ലകളിൽ ആകെ കന്നുകാലികളുടെ എണ്ണത്തിൽ പാലക്കാടാണ് മുന്നിൽ–3,30,962. തൃശ്ശൂരിൽ 2,75,093, മലപ്പുറത്ത് 2,74,871, തിരുവനന്തപുരത്ത് 2,66,294, എറണാകുളത്ത് 2,53,882, കൊല്ലത്ത് 2,45,579, ഇടുക്കിയിൽ 2,19,193, കോട്ടയത്ത് 1,90,897, കണ്ണൂരിൽ 1,71,652, കോഴിക്കോട് 1,64,638, ആലപ്പുഴ 1,41,040, വയനാട് 1,38,856, കാസർകോട് 1,17,605, പത്തനംതിട്ട 1,17,444 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. പുതിയ കണക്കുകൾ പുറത്തുവരുന്നതുവരെ കേരളം 2019ലെ ഈ കണക്കുകളെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കേരളത്തിലെ 14 ജില്ലകളിലെ കന്നുകാലി/മൃഗ സെൻസസ് 2019 കണക്ക്
പശു: 13,41,996 (ഇതിൽ 12,59,304 സങ്കരയിനം, 19,632 നാടൻ, 63,060 ഇനം തിരിക്കാത്തവ)
എരുമ: 1,01,504
ചെമ്മരിയാട്: 1,482
ആട്: 13,59,161
പന്നി: 1,03,863
കുതിര: 502, പോണി: 58, കഴുത: 65, ഒട്ടകം: 26, കോവർകഴുത: 0
ആകെ കന്നുകാലികൾ: 29,08,657
നായ്ക്കൾ: 8,36,275 വളർത്തുനായ്ക്കൾ. 2,89,986 തെരുവുനായ്ക്കൾ
മുയൽ: 92,693
ആന: 469
ജില്ല തിരിച്ച് ആകെ കന്നുകാലികൾ
1. പാലക്കാട് 3,31,064
2. തൃശ്ശൂർ 2,75,236
3. മലപ്പുറം 2,74,915
4. തിരുവനന്തപുരം 2,66,389
5. എറണാകുളം 2,53,952
6. കൊല്ലം 2,45,617
7. ഇടുക്കി 2,19,220
8. കോട്ടയം 1,90,929
9. കണ്ണൂർ 1,71,662
10. കോഴിക്കോട് 1,64,660
11. ആലപ്പുഴ 1,41,059
12. വയനാട് 1,38,879
13. കാസർഗോഡ് 1,17,616
14. പത്തനംതിട്ട 1,17,459
പശുക്കളിൽ ഏകദേശം 94% സങ്കരയിനമാണ്. നാടൻ പശുക്കൾ ഒരു ശതമാനത്തോളം മാത്രം.
ആടുകൾ ഏറ്റവും കൂടുതൽ മലപ്പുറത്താണ് (1,69,892). പശുക്കൾ പാലക്കാട്ടും (1,66,952).
എരുമകൾ ഏറ്റവും കൂടുതൽ തൃശ്ശൂരിൽ (20,520). പന്നികൾ ഇടുക്കിയിൽ (14,290).
വളർത്തുനായ്ക്കൾ ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് (1,25,749). തെരുവുനായ്ക്കൾ കൊല്ലത്ത് (50,869), രണ്ടാമത് തിരുവനന്തപുരം (47,829).
മുയലുകൾ ഏറ്റവും കൂടുതൽ കോട്ടയത്ത് (11,983).
ആനകൾ തൃശ്ശൂരിൽ 127, കൊല്ലത്ത് 58, കോട്ടയത്ത് 57. കാസർകോട് 0.
കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇനം തിരിക്കാത്ത പശുക്കൾ കുറവാണ്. കാസർകോട് 20,776 ഉണ്ട്.








0 comments