print edition നെഹ്‌റുവിനെ മറന്ന് സതീശൻ; ആസൂത്രണ ബോർഡിനെ തകർക്കാൻ ഉദ്യോഗസ്ഥതല സമിതി

ഒ വി സുരേഷ്
Published on Jul 16, 2026, 12:28 AM | 1 min read
തിരുവനന്തപുരം: സെക്രട്ടറിയറ്റ് കേന്ദ്രീകരിച്ച് കൊണ്ടുവരുന്ന ഉദ്യോഗസ്ഥതല സമിതി ആസൂത്രണ ബോർഡിനെ ദുർബലമാക്കുമെന്ന് ആശങ്ക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോ – ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റ് ഡിവിഷൻ (സിപിഎംഡി) വരുന്നതോടെ ആസൂത്രണവും നിരീക്ഷണവും ഉദ്യോഗസ്ഥ കേന്ദ്രീകൃതം മാത്രമായി മാറും.
1967ൽ ഇ എം എസ് സർക്കാരിന്റെ കാലത്താണ് ദേശീയ ആസൂത്രണ കമീഷൻ മാതൃകയിൽ സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത്. മുഖ്യമന്ത്രി ചെയർമാനും ആസൂത്രണത്തിൽ വൈദഗ്‌ധ്യമുള്ള വൈസ് ചെയർമാനും അംഗങ്ങളും അടങ്ങുന്നതാണിത്. ജില്ലാതലംവരെ വിപുലമായ ഉദ്യോഗസ്ഥ സംവിധാനവുമുണ്ട്. ആസൂത്രണ കമീഷനെ അട്ടിമറിച്ച മോദി സർക്കാരിന്റെ പാതയിലാണ് സതീശൻ സർക്കാരിന്റെയും നടപടി. നെഹ്റുവിയൻ വികസന കാഴ്ചപ്പാടിൽ പ്രധാനമായ ആസൂത്രണത്തെയാണ് കുഴിച്ചുമൂടുന്നത്. സിപിഎംഡി രൂപീകരിച്ചുള്ള ഉത്തരവിന്റെ അനുബന്ധം അഞ്ചിൽ സിപിഎംഡിക്ക് ‘തിങ്ക് ടാങ്ക് പിന്തുണ ഉറപ്പാക്കുമെന്ന’ പരാമർശമുണ്ട്. തിങ്ക് ടാങ്കാകുമ്പോൾ ഇത് സിപിഎംഡിക്കു താഴെയാകുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഓഫീസിനെ ഫലത്തിൽ സർവാധികാര കേന്ദ്രമാക്കുന്നതാണിത്. പദ്ധതികളുടെ നിർവഹണം പരിശോധിക്കീക്കുന്ന, നിലവിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാല്വേഷൻ ആൻഡ് മോണിറ്ററിങ് വകുപ്പിനെ നോക്കുകുത്തിയാക്കുന്നതാണിത്.










0 comments