Deshabhimani

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം ജഷീനയ്ക്ക് പ്രത്യേക പരാമർശം

Jasheena

എം ജഷീന

വെബ് ഡെസ്ക്

Published on Jun 22, 2025, 09:49 AM | 2 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2023 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം ജഷീന തയ്യാറാക്കിയ 'തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും' എന്ന വാർത്താ പരമ്പരക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്കാണ് അവാർഡ്. 'രക്ഷയില്ലല്ലോ ലക്ഷദ്വീപിന്' എന്ന വാർത്താ പരമ്പരക്കാണ് അവാർഡ്. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്കു 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും സമ്മാനിക്കും.


വികസനോന്മുഖ റിപ്പോർട്ടിംഗിൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി തോമസിനാണ് അവാർഡ്. 'അപ്പർ കുട്ടനാട് ഉയരെ ദുരിതം' എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ സജീഷ് ശങ്കറിനാണ് അവാർഡ്. കേരള കൗമുദിയിലെ ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്രയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.


കാർട്ടൂൺ വിഭാഗത്തിൽ സിറാജിലെ കെ ടി അബ്ദുൽ അനീസിനാണ് അവാർഡ്. ടെലിവിഷൻ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ 24 ന്യൂസിലെ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വി എ ഗിരീഷിനാണ് അവാർഡ്. 'അംഗീകാരമില്ലാത്ത അന്യസംസ്ഥാന നഴ്‌സിംഗ് കോളേജ് തട്ടിപ്പുകളെ' കുറിച്ചുള്ള വാർത്തക്കാണ് അവാർഡ്. ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗിൽ മനോരമ ന്യൂസിലെ സീനിയർ കറസ്‌പോണ്ടന്റ് ബി എൽ അരുണിനാണ് അവാർഡ്. നാടിനാകെ ശ്രേയസ്സായി ഗ്രേയ്‌സ് സ്‌പോർടസ് അക്കാദമി എന്ന വാർത്തക്കാണ് അവാർഡ്.


ടിവി അഭിമുഖത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ അനൂപ് ബി എസിനാണ് അവാർഡ്. സാഹസിക നാവികൻ അഭിലാഷ് ടോമിയുമായുള്ള അഭിമുഖം 'സംവാദ്' ആണ് അവാർഡ് നേടിക്കൊടുത്തത്. 24 ന്യൂസിലെ ഉൻമേഷ് ശിവരാമനാണ് ടിവി ന്യൂസ് പ്രസന്റർ അവാർഡ്. ടിവി ന്യൂസ് ക്യാമറയ്ക്ക് മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ എസ് ശരത്തിനാണ് അവാർഡ്. 24 ന്യൂസ് സീനിയർ ക്യാമറാമാൻ അഭിലാഷ് വി ജൂറി പ്രത്യേക പരാമർശം നേടി. ടിവി ന്യൂസ് എഡിറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വീഡിയോ എഡിറ്റർ ആർ സതീഷ് ചന്ദ്രനും അവാർഡിന് അർഹനായി.


ജൂൺ 26ന് വൈകിട്ട് 5.30ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യുമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home