print edition ലൈബ്രറി കൗൺസിൽ സാംസ്‌കാരിക പ്രഭാഷണങ്ങൾക്ക് തുടക്കം

ലൈബ്രറി കൗണ്‍സിലിന്റെ സാംസ്‌കാരിക പ്രഭാഷണ ഉദ്ഘാടനം മന്ത്രി റോജി എം ജോണ്‍ നിര്‍വഹിക്കുന്നു
തിരുവനന്തപുരം : സംസ്ഥാന ലൈബ്രറി കൗൺസിൽ ചരിത്രപുരുഷന്മാരെ അനുസ്മരിച്ച് നടത്തുന്ന എൺപത് സാംസ്‌കാരിക പ്രഭാഷണങ്ങളുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു. അറിവിന്റെ വിസ്‌ഫോടനം നടക്കുന്ന ഇക്കാലത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയെന്നതാണ് മനുഷ്യൻ നേരിടുന്ന പ്രതിസന്ധി. നമ്മൾപോലും അറിയാതെ നമ്മൾ എന്ത് ചിന്തിക്കണം, എന്ത് കാണണം എന്നിവ ചില അൽഗോരിതങ്ങൾ തീരുമാനിക്കുന്നു.
ശരിയായ അറിവ് കണ്ടെത്താനും വിശകലനം ചെയ്യാനും തെരഞ്ഞെടുക്കാനും അറിവിനെ ചോദ്യം ചെയ്യാനും ശരിയും തെറ്റും കണ്ടെത്താനും പുതിയ തലമുറയ്‌ക്ക് പരിശീലനം നൽകുകയെന്നതാണ് ഗ്രന്ഥശാലകളുടെ കർത്തവ്യമെന്ന് മന്ത്രി പറഞ്ഞു.
അഞ്ചാമത് സംസ്ഥാനതല നാടകോത്സവത്തിൽ മികച്ച നാടകം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരം, ഗ്രന്ഥാലോകം 2025 ക്യാമ്പയിൻ പുരസ്‌കാരം, ലൈബ്രേറിയന്മാർക്കുള്ള ഐഡി കാർഡ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു.
പ്രഭാഷണ പരമ്പരയിൽ ആദ്യത്തേതായ അയ്യൻകാളി അനുസ്മരണ പ്രഭാഷണം ഡോ. അനിൽ ചേലേമ്പ്ര നടത്തി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. സെക്രട്ടറി വി കെ മധു, മനയത്ത് ചന്ദ്രൻ, പി വി കെ പനയാൽ, ഡോ. പി കെ ഗോപൻ, വി കെ ആരിഫാബി, ഡോ. ടി കെ പ്രിയ, അഡ്വ.സായികുമാർ, എൻ എസ് വിനോദ് എന്നിവർ സംസാരിച്ചു. ഉസ്താദ് ഹസ്സൻ ഭായിയും സംഘവും ഷെഹനായി കച്ചേരിയും തിരുവനന്തപുരം ജില്ലാ കൗൺസിൽ എക്‌സിറ്റ് നാടകവും അവതരിപ്പിച്ചു.









0 comments