ടിബറ്റിലെ ഭൂചലനം; 16 പേർ കൊല്ലപ്പെട്ടു; മുന്നൂറിലേറെ വീടുകൾ തകർന്നു

ലാസ: ചൈനയിലെ ടിബറ്റ് മേഖലയിലുണ്ടായ ഭൂചലനത്തിൽ 16 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 32 പേർക്ക് പരിക്കേറ്റതായും മുന്നൂറോളം വീടുകൾ തകർന്നതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഷിൻഹുവ ന്യൂസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
വ്യാഴാഴ്‌ച രാത്രി പ്രാദേശിക സമയം 10.33 ഓടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ടിബറ്റിലെ നാഗ്‌കു മേഖലയാണ്. 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ചൈനീസ് ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉയർന്ന ഒറ്റപ്പെട്ട പർവത മേഖലയാണ് നാഗ്‌കു. ദ്രുതകർമസേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ചൈനീസ് അധികൃതർ അറിയിച്ചു. ലെവൽ രണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മേഖലയിലെ വാർത്താവിനിമയ, വൈദ്യുതവിതരണശൃംഖല തകർന്നു. പല കെട്ടിടങ്ങളും തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും നാശനഷ്‌ടങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ല. അരുണാചൽപ്രദേശിലെ പാങ്കീന്‍ അതിർത്തിയില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആഗസ്‌തില്‍ ചെെന–നേപ്പാൾ അതിർത്തിയിൽ മഹാപ്രളയമുണ്ടായതിന് പിന്നാലെ തീവ്ര ഭൂകമ്പം അനുഭവപ്പെട്ടത് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.








0 comments