അക്രമിയെ വെറുതെ വിട്ടില്ല, പോരാടി, കീഴടക്കി; കട്ടപ്പനയിൽ പ്ലസ്ടുക്കാരിയുടെ സിനിമാസ്റ്റെൽ ചേസിങ്

വീണ സജി
അജിന്‍ അപ്പുക്കുട്ടന്‍
Published on Oct 23, 2026, 07:11 AM | 1 min read
കട്ടപ്പന: തുടക്കം സിനിമയിലെ ‘മീനു’വിനെപ്പോലെ അക്രമിയെ നേരിടാനുറച്ചായിരുന്നു വീണ സജി അയാള്‍ക്കുപിന്നാലെ പാഞ്ഞത്. അസഭ്യവര്‍ഷം നടത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുംചെയ്തതയാളെ വെറുതെ വിടില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. കട്ടപ്പന നഗരത്തിലൂടെ ഒരുകിലോമീറ്റര്‍ പിന്തുടര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി. പ്ലസ്ടു വിദ്യാര്‍ഥിനിയായ കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പ്പടി പുത്തന്‍പറമ്പില്‍ സജി- ബിന്ദു ദമ്പതികളുടെ മകള്‍ വീണ സജി(17)യാണ് 'വണ്ടര്‍ വുമണ്‍' ആയി മാറിയത്.
ബുധന്‍ രാത്രി എട്ടോടെ അമ്മ ബിന്ദുവിനും അയല്‍പക്കത്തെ കുട്ടിക്കുമൊപ്പം നഗരത്തിലൂടെ പോകുന്നതിനിടെയാണ് എറണാകുളം സ്വദേശി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബിന്ദുവിനെയും അസഭ്യംപറഞ്ഞതോടെ വീണ ഇയാളെ ചോദ്യംചെയ്തു. പെട്ടെന്ന് സ്ഥലത്തുനിന്ന് ഓടിയ അക്രമിയെ തൊട്ടുപിന്നാലെ പിന്തുടര്‍ന്നു. ഇടശേരി ജങ്ഷനില്‍നിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി. വീണ്ടും പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് ഓടിയ ഇയാളെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
പിന്നാലെ ഓടുന്നതിനിടെ വീണ് പെണ്‍കുട്ടിക്കും പരിക്കേറ്റിരുന്നു. തുടര്‍ന്ന് പൊലീസിനെ വിളിച്ചുവരുത്തി അക്രമിയെ കൈമാറുകയായിരുന്നു.
പ്ലസ്ടു പഠനത്തോടൊപ്പം സ്വകാര്യ സ്ഥാപനത്തില്‍ ആര്‍മി പരിശീലനവും വീണ നേടുന്നുണ്ട്. മുമ്പ് സ്‌കൂള്‍ പഠനകാലയളവില്‍ ശല്യം ചെയ്യാനും ഉപദ്രവിക്കാനും ശ്രമിച്ചവരെ നേരിട്ട 'ഫ്‌ളാഷ് ബാക്കും' വീണയ്ക്കുണ്ട്.








0 comments