print edition തീരമണയുന്നൂ, സ്വപ്നങ്ങൾ

സുജിത് ബേബി
Published on Dec 31, 2025, 12:00 AM | 1 min read
കോഴിക്കോട്: കടന്നുപോകുന്ന ദശകത്തിലെ കേരളത്തെ ഒറ്റവാക്യത്തിൽ ഇങ്ങനെ ചുരുക്കാം, ‘നാം കണ്ട സ്വപ്നമെല്ലാം തീരമണയുന്നു’. നാടിന്റെ വികസനവും ജനക്ഷേമവും മതനിരപേക്ഷതയുടെ കരുത്തുമായി കേരളം ഇന്ത്യയ്‌ക്കാകെ വെളിച്ചം പകരുന്നു. സുസ്ഥിര വികസനത്തിന്റെയും സാമൂഹ്യനീതിയുടെയും ഗാഥകൾ പാടി നാം മനുഷ്യരെ ചേർത്തുപിടിക്കുന്നു. അതി ദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമെന്ന ഖ്യാതിയുടെകൂടി കരുത്തിലാണ് കേരളം പുതുവർഷത്തിലേക്ക് ചുവടുവയ്‌ക്കുന്നത്.
സാധ്യമാകില്ലെന്ന് കരുതിയ ദേശീയപാതയും വിഴിഞ്ഞം തുറമുഖവും ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും യാഥാർഥ്യമായിരിക്കുന്നു. കരിങ്കൽപ്പാറകൾ തുരന്ന് തുരങ്കപാത തീർത്ത് നാം വികസനത്തേരോടിക്കുന്നു. മലയോരത്തും തീരദേശത്തും ഇടനാടുകളിലും പുതുപാതകളിലൂടെ വികസനം കേരളത്തിലുടനീളം എത്തിയതിന് നാം തന്നെ സാക്ഷികൾ. കെ ഫോൺ, കൊച്ചി ഇടമൺ പവർ ഹൈവേ, പുതുവൈപ്പിൻ എൽഎൻജി ടെർമിനൽ, കൊച്ചി വാട്ടർ മെട്രോ, കണ്ണൂർ വിമാനത്താവളം, ഡിജിറ്റൽ സർവകലാശാല തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികൾ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.
വയനാട് തുരങ്കപാതയടക്കം വൻ പദ്ധതികളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തലയുയർത്തി നിൽക്കുന്ന പൊതുവിദ്യാലയങ്ങൾ, ലോകോത്തര നിലവാരത്തിലേക്ക് പാദമൂന്നിക്കഴിഞ്ഞ ഉന്നത വിദ്യാഭ്യാസമേഖല. രോഗീസൗഹൃദമാക്കി മാറ്റപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾവരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ സാധാരണ മനുഷ്യരുടെ അഭയകേന്ദ്രങ്ങളാണിന്ന്. മുടങ്ങിക്കിടന്ന ക്ഷേമപെൻഷനുകളുടെ കുടിശിക തീർത്താണ് എൽഡിഎഫ് സർക്കാർ ക്ഷേമപ്രവർത്തനമാരംഭിച്ചത്. 600 രൂപയിൽനിന്ന് 2000 രൂപയിലെത്തി നിൽക്കുന്ന ക്ഷേമപെൻഷൻ. 65 ലക്ഷം മനുഷ്യർക്കായി പത്താണ്ടിനിടെ ചെലവഴിച്ച തുകമാത്രം 73,000 കോടിയോളം.
ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്ക് തണൽ വീശുകയാണ് ‘ലൈഫ്’. ആറര ലക്ഷംപേർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. നാല് ലക്ഷത്തോളം പട്ടയങ്ങൾ ഒമ്പതര വർഷത്തിനിടെ വിതരണം ചെയ്തു. 2730 പട്ടികവർഗ കുടുംബങ്ങൾക്കായി 3937 ഏക്കർ ഭൂമി കൈമാറിയത്. ആഗോള നിക്ഷേപങ്ങൾ സംസ്ഥാനത്തേയ്‌ക്ക് എത്തിക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. അഞ്ച് വർഷത്തിനുള്ളിൽ 92000 കോടിയുടെ നിക്ഷേപം എത്തിയെന്നാണ് എംഎസ്‌എംഇ എക്സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ കണക്ക്. ഇതുവഴി അഞ്ച് ലക്ഷം തൊഴിലവസരങ്ങളും സ്വന്തമായി. വികസന നേട്ടങ്ങളുമായി കുതിക്കുന്ന കേരളത്തെ കാലിൽ പിടിച്ചുവലിക്കാനും ഞെക്കിപ്പിഴിയാനുമുള്ള ശ്രമങ്ങൾ മറുവശത്ത് നടക്കുന്പോഴും അതിജീവിച്ച് വിജയപാതയിൽ മുന്നേറുകയാണ് കേരളം.










0 comments