സ്കൂളുകളിലെ എൻഎസ്എസ് പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാൻ കൈറ്റ്

NSS
വെബ് ഡെസ്ക്

Published on Sep 29, 2025, 02:05 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ ആക്കാൻ ഓൺലൈൻ മാനേജ്‌മെന്റ് പോർട്ടലുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. 1,529 യൂണിറ്റുകളുള്ള ഹയർ സെക്കൻഡറി വിഭാഗത്തിന് www.dhsenss.kite.kerala.gov.in, www.vhsenss.kite.kerala.gov.in എന്ന ഡൊമൈനിലാണ് പോർട്ടലുകൾ. ഈ അധ്യയന വർഷം (2025-26) മുതൽ രണ്ട്‌ ലക്ഷത്തോളം കുട്ടികൾ അംഗങ്ങളായുള്ള എൻഎസ്എസ് യൂണിറ്റുകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഇതോടെ പൂർണമായും ഓൺലൈനായി മാറും.


പുതിയ എൻഎസ്എസ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് (പിഒ) ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും നേരിട്ട് ഷെഡ്യൂൾ ചെയ്യാൻ കഴിയും. ഓരോ പ്രവർത്തനത്തിന്റെയും ഹാജർ പിഒയ്ക്ക് ഓൺലൈനായി തൽക്ഷണം രേഖപ്പെടുത്താൻ സാധിക്കും. എൻഎസ്എസ് വോളണ്ടിയർമാരുടെ യൂണിറ്റ് പ്രവർത്തനങ്ങൾ, ഓറിയന്റേഷൻ, കമ്മ്യൂണിറ്റി ക്യാമ്പ് പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിലയിരുത്തലുകൾ പോർട്ടൽ വഴി നടത്താം. ഓരോ യൂണിറ്റിന്റെയും ക്യാമ്പ് മൂല്യനിർണ്ണയം, ഇന്റർ- ഡിസ്ട്രിക്ട് മൂല്യനിർണ്ണയം തുടങ്ങിയവ ബന്ധപ്പെട്ട ജില്ലാ- സംസ്ഥാന ചുമതലക്കാർക്ക് ഉൾപ്പെടെ സിസ്റ്റം വഴി നടത്താനാകും.


ക്യാഷ് ബുക്ക് ഉൾപ്പടെ മുഴുവൻ രജിസ്റ്ററുകളും മാന്വൽ രീതിയിൽ നിന്ന് മാറി പൂർണമായും ഓൺലൈൻ വഴിയാക്കാനും സൗകര്യമുണ്ട്. ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ പിഒ മാർക്ക് വിപുലമായ ഫിസിക്കൽ രജിസ്റ്റർ സൂക്ഷിക്കലും ഡോക്യുമെന്റേഷനും ഒഴിവാക്കാനും അവരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭാരം കാര്യമായി കുറയ്ക്കാനും സാധിക്കും. വോളണ്ടിയർമാരെയും യൂണിറ്റിനെയും അവരുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ച സമഗ്രമായ റിപ്പോർട്ടുകൾ അധികാരികൾക്കും പി ഒ യ്ക്കും കാണാനും പ്രിന്റ് ചെയ്യാനും കഴിയും. കൂടാതെ, യൂണിറ്റ് അടിസ്ഥാനത്തിലുള്ള സംസ്ഥാനതല സ്റ്റാറ്റിസ്റ്റിക്‌സ് എല്ലാവർക്കും കാണാൻ സാധിക്കുന്നതിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തതയും നിരീക്ഷണവും ഉറപ്പാക്കുന്നു. യൂണിറ്റുകളുടെ പ്രവർത്തനങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ സ്‌കൂൾവിക്കി (www.schoolwiki.in) പ്ലാറ്റ്ഫോമിൽ അപ്‌ലോഡ്‌ ചെയ്യാനും കൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ എൻഎസ്എസ് വോളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ എല്ലാവർക്കും കാണാൻ കഴിയും.


പൊതുവിദ്യാഭ്യാസ വകുപ്പിൽ പ്രതിവർഷം 1.8 ലക്ഷം കുട്ടികളുള്ള ‘ലിറ്റിൽ കൈറ്റ്‌സ് ‘ ഐടി ക്ലബ്ബുകൾക്ക് നിലവിലുണ്ടായിരുന്ന പൂർണമായും ഓൺലൈനായുള്ള സംവിധാനങ്ങളാണ് ഇപ്പോൾ എൻഎസ്എസ് യൂണിറ്റുകൾക്കും ലഭ്യമാകുന്നത്. കുട്ടികളുടെ തിരഞ്ഞെടുപ്പ് മുതൽ ഹാജർ രേഖപ്പെടുത്തൽ, ക്യാമ്പുകൾ ക്രമീകരിക്കൽ, സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തൽ, ഗ്രേഡിംഗും സർട്ടിഫിക്കറ്റ് വിതരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബുകൾക്ക് നിലവിൽ ഓൺലൈൻ വഴിയാണ് നടപ്പിലാക്കുന്നത്. ഈ സംവിധാനം മറ്റു ക്ലബ്ബുകൾക്കും വ്യാപിപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചിരുന്നു.


പോർട്ടൽ എളുപ്പത്തിൽ മനസ്സിലാക്കി പ്രവർത്തിപ്പിക്കാനായി വിശദമായ വീഡിയോ ട്യൂട്ടോറിയലും ഘട്ടം ഘട്ടമായുള്ള ഡോക്യുമെന്റേഷനും പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. കൈറ്റിന്റെ ജില്ലാ ഓഫീസുകൾ വഴി എല്ലാ പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ ക അൻവർ സാദത്ത് അറിയിച്ചു. എല്ലാ എൻഎസ്എസ് യൂണിറ്റുകൾക്കും പോർട്ടലും ബന്ധപ്പെട്ട പ്രവർത്തനങ്ങളും സുഗമമായി പ്രവർത്തിക്കുന്നതിന് കൈറ്റ് സാങ്കേതിക സഹായം നൽകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home