ad
Deshabhimani

print edition പുതിയ അധ്യയന വർഷത്തിന് തുടക്കം; അക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ

Praveshanolsavam.jpg

മണക്കാട് എൽപിഎസിലെ പ്രവേശനോത്സവത്തിൽ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിക്കുന്ന കുട്ടികൾ

വെബ് ഡെസ്ക്

Published on Jun 02, 2026, 01:06 AM | 1 min read

തിരുവനന്തപുരം: തെളിഞ്ഞുനിന്ന മാനത്തെനോക്കി താഴെ അക്ഷരനക്ഷത്രങ്ങൾ ചിരിതൂകി. ആദ്യമായി സ്‌കൂൾ മുറ്റത്തെത്തിയ മൂന്നേകാൽ ലക്ഷം കുരുന്നുകൾ സംസ്ഥാനത്ത്‌ പ്രവേശനോത്സവത്തിന്റെ മധുരം നുണഞ്ഞു. സംസ്ഥാനത്തെ 12,938 സ്‌കൂളുകളിലായി ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെത്തിയത്‌ 40 ലക്ഷത്തോളം വിദ്യാർഥികൾ.


സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. ബാഗും പഠനോപകരണങ്ങളും മുഖ്യമന്ത്രി നവാഗതർക്ക്‌ സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനായി. മന്ത്രി കെ മുരളീധരൻ മുഖ്യാതിഥിയായി.


പട്ടം ഗേൾസ്‌ സ്കൂളിലെ 15 കുട്ടികൾ ചേർന്ന്‌ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. 2026–27 അധ്യയന വർഷത്തെ അക്കാദമിക്‌ കലണ്ടർ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിക്ക്‌ നൽകി പ്രകാശിപ്പിച്ചു. ഹൈസ്‌കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചത്‌ ഇ‍ൗ അധ്യയന വർഷവും തുടരും.


വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ്‌ അര മണിക്കൂർ അധികം ക്ലാസ്‌. സൈബർ സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ട്‌ ‘കിഡ് ഗ്ലോവ് പ്രോജക്ടിന്റെ' ഭാഗമായി സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലി. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടന്നു.


വിദ്യാർഥികൾക്ക്‌ ആശംസ നേർന്ന്‌ പ്രതിപക്ഷ നേതാവ്‌


തിരുവനന്തപുരം: അറിവിന്റെ ആദ്യക്ഷരങ്ങൾ സ്വായത്തമാക്കാൻ വിദ്യാലയങ്ങളിലേക്കെത്തിയ കുരുന്നുകൾക്ക് ആശംസകൾ നേർന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്വമുൾക്കൊള്ളുന്ന മനുഷ്യരായി വളരാനും ഓരോ വിദ്യാർഥിക്കും സാധിക്കട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.


കുട്ടികൾക്ക്‌, കളിയും ചിരിയും മായാതെ പഠനം ഏറ്റവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന അന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തണം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓരോ വിദ്യാർഥിക്കും ശോഭനമായ ഭാവി നേരുന്നതായും സന്ദേശത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home