ad
Deshabhimani

print edition പ്രധാനാധ്യാപകർക്ക്‌ ഇരട്ടി ജോലി; സ്‌കൂൾ ഉച്ചഭക്ഷണം ഉറപ്പാക്കാൻ ട്രഷറിയിൽ കാത്തിരിപ്പ്‌

school Meals.jpg
avatar
ബിജോ ടോമി

Published on Aug 06, 2026, 01:30 AM | 1 min read

തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ഫണ്ടുകളുടെ വിതരണം ട്രഷറി വഴിയാക്കി സർക്കാർ. കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ കുട്ടികൾക്ക്‌ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രയാസപ്പെടുന്ന പ്രധാനാധ്യാപകർക്ക്‌ ഇനി ചെലവഴിച്ച തുകയുടെ ബില്ലുകൾ മാറിയെടുക്കാൻ ട്രഷറി കയറിയിറങ്ങണം. മുമ്പ്‌ എഇഒ ഓഫീസിൽനിന്ന്‌ നൂൺ മീൽ ഓഫീസർ ബില്ല്‌ പാസാക്കുകയും നടപടികൾ പൂർത്തിയാക്കി ബാങ്കിൽനിന്ന്‌ തുക മാറിയെടുക്കുകയും ആയിരുന്നു.


ഇനി നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയശേഷം സ്‌റ്റേറ്റ്‌മെന്റും ബിംസ്‌ പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺലൈൻ ബില്ലും ട്രഷറിയിൽ നൽകണം. ഇതിനൊപ്പം ഒരു മാസം സാധനങ്ങൾ വാങ്ങിയതടക്കമുള്ള മുഴുവൻ വ‍ൗച്ചറുകളും ട്രഷറിയിൽ സമർപ്പിക്കണം. സാങ്കേതിക കാരണത്താൽ ട്രഷറിയിൽ ബില്ല്‌ നിരസിച്ചാൽ വീണ്ടും പ്രധാനാധ്യാപകർ ഇതിനായി കയറിയിറങ്ങേണ്ടി വരും. എല്ലാ ബില്ലുകളും ട്രഷറിയിൽ നൽകേണ്ടതിനാൽ ഓഡിറ്റിന്‌ ഇതിന്റെയെല്ലാം പകർപ്പെടുത്ത്‌ സ്‌കൂളുകളിൽ സൂക്ഷിക്കുകയും വേണമെന്ന്‌ അധ്യാപകർ പറഞ്ഞു. നിലവിലെ വിഹിതംകൊണ്ട്‌ ഭക്ഷണം നൽകാൻ പാടുപെടുന്നതിനിടെയാണ്‌ പുതിയ വെല്ലുവിളി.


സ്‌കൂൾ പാചകത്തൊഴിലാളികളുടെ ഓണറേറിയം വിതരണവും ട്രഷറി മുഖേനയാകും. ഓണറേറിയം തുക വിദ്യാഭ്യാസ ഉപഡയറക്ടർമാർ വഴി ഉപജില്ലകൾക്ക്‌ അനുവദിക്കുകയും തുടർന്ന്‌ ട്രഷറിവഴി പാചകത്തൊഴിലാളികൾക്ക്‌ ഓണറേറിയം ലഭിക്കുകയും ചെയ്യും. പാചകവാതക വില ഇരട്ടിച്ചതിനു പിന്നാലെ പാലിനും മുട്ടയ്‌ക്കും അടക്കം വില കൂടിയെങ്കിലും സ്‌കൂളുകൾക്കുള്ള വിഹിതം സർക്കാർ വർധിപ്പിച്ചിട്ടില്ല.


പദ്ധതി എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ സ്‌കൂൾ അധികൃതർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ്‌ ചെലവഴിച്ച തുക മാറിയെടുക്കാനുള്ള നടപടികളും കടുപ്പത്തിലാക്കിയത്‌. സപ്ലൈകോ വഴി അരി മാത്രമാണ് നൽകുന്നത്‌. പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവ പുറത്തുനിന്ന്‌ വാങ്ങണം. കടം വാങ്ങിയും സ്വർണം പണയംവച്ചുമാണ്‌ പലരും ഉച്ചഭക്ഷണം മുടങ്ങാതെ നോക്കുന്നതെന്ന്‌ അധ്യാപകർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home