സ്‌കൂൾ ഫിറ്റ്‌നസ്
print edition വനംവകുപ്പിന്റെ പരിശോധന നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

പത്തനംതിട്ട : ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പുതിയ അധ്യയനവർഷത്തിൽ സ്‌കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വനംവകുപ്പിന്റെ പരിശോധനയും നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു. മാർഗ നിർദേശങ്ങൾ തയ്യാറാക്കിയെങ്കിലും സ്‌കൂൾ തുറക്കുംമുമ്പേ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കാനാവശ്യമായ സമയം ലഭിക്കാത്തതാണ് കാരണം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളുടെ സുരക്ഷയുറപ്പാക്കാൻ ആരോഗ്യ – കുടുംബക്ഷേമവകുപ്പ് ഉത്തരവിറക്കിയത് ഏപ്രിൽ 30നാണ്.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് സോഷ്യൽ ഫോറസ്‌ട്രി വിഭാഗം അസിസ്‌റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന്റെ ഇ –മെയിൽ വഴി അപേക്ഷ ലഭിക്കേണ്ട അവസാനദിവസം മെയ് ഏഴിനായിരുന്നു. ഫിറ്റ്‌നസ് നൽകണമെങ്കിൽ രണ്ടുതവണയെങ്കിലും വനംവകുപ്പ് അധികൃതർക്ക് സ്‌കൂളുകൾ സന്ദർശിക്കേണ്ടിവരും. ആദ്യം സ്‌കൂൾ പരിസരത്തെ പാന്പിന്റെ സാന്നിധ്യവും മറ്റും വിലയിരുത്താനും ന്യൂനതകൾ കണ്ടെത്തി പരിഹാര നിർദേശങ്ങൾ നൽകാനുമാണെങ്കിൽ പിന്നീടത്തേത് ഇവ പരിഹരിച്ചുവെന്ന് ഉറപ്പാക്കാനുമാണ്.
ഇതിനിടെ ന്യൂനതകൾ പരിഹരിക്കാൻ സ്‌കൂൾ അധികൃതർക്ക് ആവശ്യമായ സമയവും നൽകണം. ഇൗ ഘട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയം ലഭിക്കാതെ വന്നത്. സംസ്ഥാനത്ത് അഞ്ചുശതമാനം സ്‌കൂളുകൾക്ക് പോലും വനംവകുപ്പിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇൗ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്‌കൂളുകളിൽ ഇഴജന്തുക്കളെ സംബന്ധിച്ച് ബോധവൽക്കരിക്കാനും ജാഗ്രതാനിർദേശം നൽകാനുമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സോഷ്യൽ ഫോറസ്‌ട്രി വിഭാഗം അറിയിച്ചു.










0 comments