ഭരണവിഭാഗം കെട്ടിടം ഉദ്ഘാടനവും നിക്ഷേപകർക്ക് ഭൂമി അനുവദിച്ചുള്ള കത്തുകളുടെ കൈമാറ്റവും നടന്നു
print edition ചിറക് വിരിച്ച് കേരള റബർ ലിമിറ്റഡ്

വെള്ളൂർ(കോട്ടയം)
റബർ കർഷകരുടെ ആശകൾക്ക് ചിറകായി കേരള റബർ ലിമിറ്റഡ് (കെആർഎൽ). 157.04 ഏക്കർ ഭൂമിയിൽ 390 കോടി രൂപയുടെ മുതൽ മുടക്കിൽ പൂർത്തിയാകുന്ന വ്യവസായ പാർക്ക് റബർ കർഷകർക്ക് എൽഡിഎഫ് സർക്കാരിന്റെ കരുതലാകും.
ഭരണവിഭാഗം കെട്ടിടം ഉദ്ഘാടനവും ആറ് നിക്ഷേപകർക്ക് റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കാൻ ഭൂമി അനുവദിച്ചുള്ള കത്തുകളുടെ കൈമാറ്റവും വെള്ളൂരിലെ പാർക്ക് ആസ്ഥാനത്ത് മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ സി കെ ആശ, മോൻസ് ജോസഫ്, കെആർഎൽ ചെയർപേഴ്സൺ ഷീല തോമസ് തുടങ്ങിയവർ സംസാരിച്ചു. വെബ് സൈറ്റിന്റെ ലോഞ്ചിങ്ങും പിഎംസിയെയും കരാറുകാരെയും ആദരിക്കലും നടന്നു.
മൂവായിരം പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിലവസരമുണ്ടാകം. കേരളത്തിലെ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പിനുകീഴിൽ 2019-ൽ സ്ഥാപിച്ചതാണ് കെആർഎൽ. ഗവേഷണ– വികസന കേന്ദ്രം, ടെസ്‌റ്റിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ സെന്റർ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, വെയർഹൗസ്, സെൻട്രൽ ടൂൾ റൂം, സെൻട്രൽ മിക്സിങ് പ്ലാന്റ്, ലാറ്റക്‌സ് കമ്പൗണ്ടിങ് ആൻഡ് പ്രി-വൾക്കനൈസേഷൻ സൗകര്യങ്ങൾ, 110 കെവി സബ്സ്റ്റേഷൻ, 24 മണിക്കൂറും ജലവിതരണ സംവിധാനം തുടങ്ങിയവും സജ്ജീകരിക്കുന്നുണ്ട്.










0 comments