ad
Deshabhimani

print edition ദുരിതമൊഴിയാതെ ക്യാമ്പുകൾ ; എല്ലാം ‘പക്കാ’
ആണെന്ന്‌ മുഖ്യമന്ത്രി

Kottayam relief camp food shortage
വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം പക്കായാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പത്തനംതിട്ടയിലെയടക്കം ക്യാമ്പുകളിലെ ദുരിതം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ഒരു ക്യാമ്പിലും പ്രശ്‌നമില്ല. ഭക്ഷണവും മരുന്നും അവശ്യസാധനങ്ങളും കൃത്യമായി നൽകുന്നുണ്ട്‌. ഒരു പരാതിയും വന്നിട്ടില്ല. കോന്നിയിലും അടൂരിലുമുള്ള ക്യാന്പുകളിൽ പോയിട്ടില്ല. അവിടുത്തെ യോഗത്തിലേക്ക്‌ എംഎൽഎമാരെ ക്ഷണിച്ചിരുന്നില്ല.


മന്ത്രിസഭ നടക്കുന്നതിന്‌ ഇടയിലായതുകൊണ്ടാണ്‌ കുട്ടനാട്‌ എംഎൽഎ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നത്‌. ഒരു ക്യാമ്പിൽ വെള്ളം കയറിയാൽ അവിടെയുള്ളവരെ അടുത്ത ക്യാമ്പിലേക്ക്‌ മാറ്റും. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയാലും ബിൽ സർക്കാർ നൽകും. മുതലപ്പൊഴിയെ സംബന്ധിച്ച്‌ അടിയന്തര തീരുമാനമുണ്ടാകും. അടുത്തയാഴ്‌ച യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വെള്ളംകയറിയ കടയുടമകൾക്ക് 
10,000 രൂപ


വെള്ളംകയറി ഉപജീവനമാർഗം നഷ്ടപ്പെട്ട കടയുടമകൾക്ക് 10,000 രൂപ സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ രാജേഷിന്റെ വീടുപണി സർക്കാർ പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ എട്ടുലക്ഷം രൂപയും സംസ്‌കാരചെലവിന്‌ 10,000 രൂപയും നൽകും. വീടുംസ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ നൽകും. പൂർണമായി തകർന്ന വീടുകൾക്ക്‌ ധനസഹായം ആറുലക്ഷം രൂപയാക്കി. ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വീടുകളിൽ വെള്ളംകയറിയ എല്ലാവർക്കും 10,000 രൂപ നൽകും. മാറിത്താമസിക്കേണ്ടവർക്ക് വീട്ടുവാടകയും ബാധിക്കപ്പെട്ട കുടുംബങ്ങളിൽ റേഷൻ കാർഡിലെ രണ്ട് അംഗങ്ങൾക്ക് ദിവസം 300 രൂപ വീതവും നൽകും.


കർഷകർക്ക്‌ കൃഷിനാശത്തിനുള്ള ധനസഹായം 25 ശതമാനം വർധിപ്പിക്കും. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായസംരംഭകർ, കർഷകർ, ടൂറിസ്റ്റ് വാഹന ഉടമകൾ എന്നിവർക്ക് 12 ലക്ഷം രൂപവരെ ഉജ്ജീവന സോഫ്റ്റ് ലോൺ അനുവദിക്കും. പരമാവധി മൂന്ന് ലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ സർക്കാർ ബാങ്കുകൾക്ക് മാർജിൻ മണിയായി കൊടുക്കും. അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് ഒമ്പത് ശതമാനം പലിശ ഇളവുണ്ടാകും. പുനർഗേഹം പദ്ധതിയിൽ സഹായത്തുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home