പ്രഖ്യാപനം 21ന്
കേരളം നമ്പർ 1 ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനം


ബിജോ ടോമി
Published on Aug 14, 2025, 01:25 AM | 1 min read
തിരുവനന്തപുരം
രാജ്യത്ത് ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരസംസ്ഥാനമെന്ന നേട്ടവും കേരളത്തിന് സ്വന്തം. 14നും 60നുമിടയിൽ പ്രായമുള്ള 99 ശതമാനത്തിലധികം പേരും ഡിജിറ്റൽ സാക്ഷരരായി. 90 ശതമാനമാണ് ദേശീയ മാനദണ്ഡം. ഒൗദ്യോഗിക പ്രഖ്യാപനം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2022ൽ തുടക്കമിട്ട ‘ഡിജി കേരളം’ പദ്ധതിയിലൂടെയാണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായത്. തദ്ദേശസ്ഥാപനംവഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴിയാക്കിയിരുന്നു. സേവനങ്ങൾ ഓൺലൈനാകുമ്പോൾ അത് നേടാൻ എല്ലാവരെയും പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടിലാണ് ഡിജി കേരളം ആവിഷ്‌കരിച്ചത്.
ഡിജിറ്റൽ സാക്ഷരരല്ലാത്ത, 14 വയസിന് മുകളിലുള്ളവരുടെ വിവരം 83.45 ലക്ഷം കുടുംബങ്ങളിൽ സർവേ നടത്തി കണ്ടെത്തി 21,88,398 പേർക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകി. മൊബൈൽ ഫോൺ ഉപയോഗത്തിലെ അടിസ്ഥാന കാര്യങ്ങളിലടക്കം പരിശീലനം നൽകി. 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. 21,87,667 (99.98 ശതമാനം) പേർ വിജയിച്ച് ഡിജിറ്റൽ സാക്ഷരതാ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഇവരിൽ 15,223 പേർ 90 വയസിന് മുകളിലുള്ളവരാണ്.
തദ്ദേശ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർമാരെ ഉപയോഗിച്ചും ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് മുഖേനയും സുതാര്യത ഉറപ്പാക്കിയാണ് കേരളം ഡിജിറ്റൽ സാക്ഷരത കൈവരിച്ചത്.









0 comments