തൊഴിലിടങ്ങളിലെ സ്‌ത്രീസുരക്ഷയിലും കേരളം മുന്നിൽ , നഗരങ്ങളിൽ ഡൽഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളി കൊച്ചി
print edition തൊഴിൽക്ഷമതയിലും കേരളം മുന്നിൽ

തിരുവനന്തപുരം
തൊഴിൽക്ഷമതയിലും തൊഴിലിടങ്ങളിലെ സ്‌ത്രീ സുരക്ഷയിലും കേരളത്തിന് സുവർണ നേട്ടം. ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് (ഐഎസ്ആർ) 2026 അനുസരിച്ച് തൊഴിലന്വേഷകരുടെ വൈദഗ്ധ്യം, അഭിരുചി, പരിജ്ഞാനം തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിൽക്ഷമതയിൽ കേരളം രാജ്യത്ത് നാലാമത്. 72.16 ശതമാനം പോയിന്റോടെയാണ് മികച്ച റാങ്കിങ്. ഉത്തർപ്രദേശ് (79%), മഹാരാഷ്ട്ര (75%), കർണാടകം (74%) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്നിൽ.
നഗരങ്ങളിൽ 77 ശതമാനം പോയിന്റ് നേടി കൊച്ചി രാജ്യത്ത് നാലാമതെത്തി. ഡൽഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് നേട്ടം. ലഖ്‌നൗ, ബംഗളൂരു, പുണെ എന്നിവയാണ് ആദ്യ മൂന്ന് റാങ്കിൽ. കൊച്ചി ഉയർന്നുവരുന്ന ടാലന്റ് ഹബ്ബായും റിപ്പോർട്ട് വിലയിരുത്തുന്നു. വനിതകൾക്ക് പുരോഗമനപരമായ തൊഴിൽ അന്തരീക്ഷവും മികച്ച പ്രാതിനിധ്യവും ഉറപ്പാക്കുന്ന 10 സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലാണ് കേരളം.
എഐസിടിഇ, സിഐഐ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി (എഐയു) എന്നിവയുമായി സഹകരിച്ച് എഡ്യൂക്കേഷണൽ ടെസ്റ്റിങ് സർവീസ് (ഇടിഎസ്) ആണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തൊഴിൽ നൈപുണ്യ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളും അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടവുമാണ് കേരളത്തിന് മികച്ച നേട്ടം സമ്മാനിച്ചത്.









0 comments