Live News സംസ്ഥാനത്ത് പരക്കെ മഴ; വ്യാപക നാശ നഷ്ടം, ആറ് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വ്യാപക നാശനഷ്ടം. കനത്ത മഴയിൽ വിവിധ ജില്ലകളിലായി ആറ് പേർ മരിച്ചു. മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തു. ഇടുക്കി കൊട്ടക്കമ്പൂരിൽ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു.
കോട്ടയം തീക്കോയിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവതിയും പൂഞ്ഞാർ തെക്കേക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥനും മരിച്ചു. ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലേർട്ട് തുടരുകയാണ്. കോട്ടയം ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലെർട്ടുമാണ്.
മലപ്പുറത്ത് മലവെള്ളപ്പാച്ചിൽ; രണ്ടുപേർ മരിച്ചു, നാലുപേരെ കാണാനില്ല
പൂക്കോട്ടുംപാടം ടികെ നഗറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേർ മരിച്ചു. നാല് പേരെ കാണാതായി. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), എടരിക്കോട് മാങ്ങാടൻ അനസ് (27) എന്നിവരാണ് മരിച്ചത്. കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടികെ നഗർ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.
ചെറു വെള്ളച്ചാട്ടത്തിന് സമീപമെത്തിയവരാണ് ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽപ്പെട്ടത്. ആറ് പേരെ കാണാതായെന്നും രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ രാത്രിയിൽ തെരച്ചിൽ ഭാഗികമായി നിർത്തി. പുഴയിൽ വെള്ളം പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരുകയാണ്.
ഇടുക്കിയിൽ ഷെഡിന് മുകളിൽ മണ്ണിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു
ഇടുക്കി കൊട്ടക്കമ്പൂരിൽ കനത്ത മഴയ്ക്കിടെ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മഴ ശക്തമായതോടെ കൃഷിയിടത്തിൽനിന്ന് ഷെഡിലേക്ക് കയറിയ ബാലകൃഷ്ണനും ഭാര്യയും സഹോദരിയും മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
കൊട്ടക്കമ്പൂർ-തട്ടാമ്പാറ റോഡിലെ പാലത്തിനും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും വെള്ളക്കെട്ടും കൃഷിനാശവും റിപ്പോർട്ട് ചെയ്തു.
അടിമാലിയിലും ശക്തമായ മഴ
ഇടുക്കി അടിമാലി മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. നേര്യമംഗലം, ചീയപ്പാറ, വാളറ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്. ദേവിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു. പത്താംമൈലിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പഴമ്പള്ളിച്ചാലിൽ മണ്ണിടിച്ചിലുണ്ടായി.
ചീയപ്പാറയ്ക്കും ആറാംമൈലിനും ഇടയിൽ വെള്ളക്കെട്ടുണ്ടായി. ചീയപ്പാറയിൽ വാഹനത്തിന് മുകളിൽ കല്ല് വീണെങ്കിലും ആർക്കും പരിക്കില്ല.
കോട്ടയത്തും മണ്ണിടിച്ചിൽ; രണ്ടുപേർ മരിച്ചു
കോട്ടയത്ത് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. തീക്കോയി വേലത്തുശ്ശേരിയിൽ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ ജവഹർനഗർ സ്വദേശി സംഗീത അരുൾ ലാൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലാട്ട് വീട്ടിൽ ജോസഫ് മരിച്ചു. വീട്ടിലുണ്ടായിരുന്ന മക്കളായ ജിമ്മിയെയും ഡെന്നീസിനെയും രക്ഷപ്പെടുത്തി.
മംഗളഗിരി എരിയാറ്റുപാറയിലും മണ്ണിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. വീടുകളിൽ ആളുകളുണ്ടായിരുന്നില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ വൈകുന്നേരം ശക്തമായ മഴയാണ് ലഭിച്ചത്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലകളിലാണ് കൂടുതൽ ദുരിതം.
മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ-ഈരാറ്റുപേട്ട റോഡിലെ ഗതാഗതം തടസ്സപ്പെട്ടെങ്കിലും നിലവിൽ ഭാഗികമായി പുനഃസ്ഥാപിച്ചു. മാർമല ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലും ശക്തമായ നീരൊഴുക്കുണ്ട്. തീക്കോയി-വാഗമൺ റൂട്ടിൽ കാരിക്കാട് ടോപ്പിൽ മണ്ണിടിഞ്ഞ് രണ്ട് കാറുകൾക്ക് മുകളിലേക്ക് വീണെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.
കോഴിക്കോടും മഴ ശക്തം
കോഴിക്കോട് തീരദേശ മേഖലയിലും മഴ ശക്തമായി. പരപ്പൻപൊയിൽ-പുന്നശ്ശേരി റോഡിൽ മണ്ണിടിഞ്ഞു. കത്തറമ്മൽ ഭാഗത്ത് റോഡിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണെടുത്ത ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.
കനത്ത മഴയിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണതോടെ റോഡിലൂടെ കുത്തിയൊലിച്ചെത്തുന്ന വെള്ളം താഴെയുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയാണ്. ഇതോടെ വീടും അപകടഭീഷണിയിലാണ്.









0 comments