സംസ്ഥാനത്ത് മഴ കണക്കും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ (ഞായർ) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ (തിങ്കൾ) ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മെയ് 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ മരക്കൊമ്പിലോ ഇരിക്കുന്നത് ഒഴിവാക്കണം. വീടിനു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കുന്നത് സുരക്ഷ ഉറപ്പാക്കും.
വൈദ്യുതോപകരണങ്ങൾ കേടാകാതിരിക്കാൻ സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.









0 comments