സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കടൽ പ്രക്ഷുബ്ധമായേക്കും

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കടുക്കാൻ സാധ്യതയുള്ളത്. രണ്ട് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇവയ്ക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ വരും മണിക്കൂറുകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേരുമെന്നാണ് പ്രവചനം.
നിലവിൽ അന്തരീക്ഷ സാഹചര്യം അനുകൂലമാണെങ്കിലും കേരളത്തിൽ മൺസൂൺ ഔദ്യോഗികമായി എത്തുന്ന തീയതി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല, എങ്കിലും മെയ് അവസാനവാരത്തോടെ മൺസൂൺ എത്തുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലെ കാറ്റിന്റെ ഗതി നോക്കിയാകും ഇത് നിശ്ചയിക്കുക.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും തീരത്തുണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കണമെന്നും പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.











0 comments