34,087 തസ്‌തിക ഇല്ലാതാക്കി ഉമ്മൻചാണ്ടി ; 80,000 തസ്‌തിക അധികമെന്ന് ആന്റണി
print edition 10 വർഷം 3.09 ലക്ഷം സർക്കാർ ജോലി ; ചരിത്രമുന്നേറ്റവുമായി എൽഡിഎഫ് സർക്കാർ

എസ് കിരൺബാബു
Published on Feb 28, 2026, 02:00 AM | 4 min read
കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും മറികടന്നാണ് എൽഡിഎഫ് സർക്കാർ യുവതയുടെ സ്വപ്നസാക്ഷാൽക്കാരത്തിന് ഒപ്പംനിന്നത്. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‍സിയെ നോക്കുകുത്തിയാക്കി സമാന്തര റിക്രൂട്ട്മെന്റ് ബോർഡുവഴി ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പണം വാങ്ങിയും താൽക്കാലിക–കരാർ നിയമനം നടത്തുമ്പോഴാണ് കേരളം വർഷം മുപ്പതിനായിരത്തിലേറെ സ്ഥിര നിയമനം നടത്തുന്നത്
പിഎസ്‍സി നിയമനത്തിൽ ചരിത്രമുന്നേറ്റവുമായി എൽഡിഎഫ് സർക്കാർ. 10 വർഷത്തിനിടെ 3,09,922 പേർക്കാണ് കേരള പിഎസ്‍സി വഴി നിയമന ശുപാർശ നൽകി സർക്കാർ ജോലി ഉറപ്പാക്കിയത്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവനേട്ടം. മറ്റിടങ്ങളിൽ പിഎസ്‍സിയെ നോക്കുകുത്തിയാക്കി സമാന്തര റിക്രൂട്ട്മെന്റ് ബോർഡുവഴി ഇഷ്ടക്കാരെ തിരുക്കിക്കയറ്റിയും പണം വാങ്ങിയും താൽകാലിക–കരാർ നിയമനം നടത്തുന്പോഴാണ് കേരളം വർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുന്നത്.
അവശ്യ മേഖലകളിൽ പുതിയ തസ്‌തിക സൃഷ്‌ടിച്ചും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തും നടപടികൾ പൂര്‍ണമായും ഓണ്‍ലൈനിലാക്കിയുമാണ് ഈ നേട്ടം സാധ്യമാക്കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമനം നടക്കാതിരുന്ന പല തസ്‌തികകളിലും സാങ്കേതിക, നിയമ കുരുക്കുകൾ അഴിച്ചു. റാങ്ക് പട്ടിക നിലവിലില്ലാത്ത സാഹചര്യം ഒഴിവാക്കി, കാലാവധി തീരുന്നതിന്റെ തൊട്ടടുത്തദിവസം പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് വളർന്നു.
ഒന്നാം പിണറായി സർക്കാർ 1,61,268 പേർക്കും രണ്ടാം പിണറായി സർക്കാർ ഇതുവരെ 1,48,654 പേർക്കും പിഎസ്‍സിവഴി നിയമന ശുപാർശ അയച്ചു. കഴിഞ്ഞ വർഷംമാത്രം വിവിധ തസ്തികയിലായി -37,425 പേർക്കാണ് അയച്ചത്. തുടർച്ചയായി മൂന്നാംവർഷവും 34,000ൽ അധികം നിയമന ശുപാർശ നൽകിയെന്ന അപൂർവ നേട്ടവുമുണ്ട്. 2025ൽ 902 തസ്തികകളിലേക്ക് വിജ്ഞാപനവും പുറപ്പെടുവിച്ചു.1130 തസ്തികകളുടെ റാങ്ക് പട്ടികയും 1276 തസ്തികകളുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. 1405 തസ്തികകളിലേക്കുള്ള പരീക്ഷയും നടത്തി.

സംവരണത്തിലും ഒന്നാമത്
സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും കേരള പിഎസ്‍സി രാജ്യത്ത് ഒന്നാമതാണ്. 2024ൽ കേരള പിഎസ്‍സി വഴി നിയമന ശുപാർശ ലഭിച്ചവരിൽ 2613 പേർ പട്ടികജാതി വിഭാഗത്തിലും 1524പേർ പട്ടിക വർഗ വിഭാഗത്തിലും 11,169 പേർ ഒബിസിയുമാണ്.
യുപിയിൽ 970 പേർക്ക് നിയമന ശുപാർശ ലഭിച്ചതിൽ പട്ടികവർഗക്കാർ 38 പേർമാത്രം. പട്ടികജാതി വിഭാഗക്കാർ 159 പേരും ഒബിസിക്കാർ 231 പേരും. ഇവരെയെല്ലാം നിയമിച്ചതാകട്ടെ ശമ്പളം കുറവുള്ള ഗ്രൂപ്പ് സി തസ്‌തികയിൽ. ഗ്രൂപ്പ് എ തസ്‌തികയിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് രണ്ടുപേർക്കാണ് നിയമനം.

പ്രായം മറന്നേക്കൂ എഴുതിയാൽ കിട്ടും
പിഎസ്‍സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി സംസ്ഥാന സർക്കാർ 40 ആക്കി ഉയർത്തിയതോടെ പതിനഞ്ച് ലക്ഷത്തോളം ഉദ്യോഗാർഥികൾക്കും പ്രതീക്ഷയായി. സർക്കാർ ജോലിയെന്ന ആഗ്രഹത്തിന് പ്രായം തടസ്സമായിരുന്നവരാണ് ഇപ്പോൾ പുതു പ്രതീക്ഷയിലായത്.
ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധിയാണ് 36ൽ നിന്ന് 40 ആക്കിയത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും മറ്റ് സംവരണ വിഭാഗക്കാർക്ക് 43 വയസ്സുവരെയും അപേക്ഷിക്കാം. നിലവിൽ ഈ വിഭാഗങ്ങളുടെ പ്രായപരിധി 41, 39 എന്നിങ്ങനെയായിരുന്നു. യൂണിഫോം തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാല് വയസ്സുകൂടി വർധിപ്പിക്കും.
സ്ഥിരനിയമനത്തിലും മുന്നിൽ
കേന്ദ്ര-, സംസ്ഥാന സർക്കാർ ജോലികളിൽ സ്ഥിരനിയമനങ്ങൾ കുറഞ്ഞുവരികയാണ്. കരാർ, ദിവസ കൂലി നിയമനങ്ങൾ വ്യാപകമാവുന്നു. നീതി ആയോഗ് കണക്കുപ്രകാരം സർക്കാർ ജീവനക്കാരിൽ 47 ശതമാനം കരാർ ജീവനക്കാരാണ്. നിശ്ചിതകാല തൊഴിലും വ്യാപകമാവുന്നു. എന്നാൽ കേരളത്തിലെ സർക്കാർ സർവീസിൽ മഹാഭൂരിപക്ഷവും പിഎസ്-സി വഴിയുള്ള സ്ഥിരനിയമനങ്ങളാണ്. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിരമിച്ചാൽ പെൻഷനും ഉറപ്പാക്കുന്നു.
വേതനത്തിന് പുറമേയുള്ള സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കാൻ മറ്റ് സംസ്ഥാനങ്ങൾ കരാർ നിയമനം വ്യാപകമാക്കുകയാണ്. തൊഴിൽ വിജ്ഞാപനങ്ങളിൽ കൂടുതലും കരാർ, നിശ്ചിത കാല തൊഴിൽ എന്നിവയ്ക്കുള്ളതാണ്. ഷോർട്ട് ടൈം, പാർട് ടൈം, സീസണൽ തൊഴിൽ വരെ സർക്കാർ സർവീസിൽ വ്യാപകമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണത്തിനിടയിലും സ്ഥിരനിയമനം കേരളത്തിൽ തുടരുന്നു.
വിശ്വാസ്യതയും വേഗതയുമാണ് റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ ഉറപ്പാക്കേണ്ടത്. ഇക്കാര്യത്തിലും കേരളാ പിഎസ്‌സി രാജ്യത്തിന് മാതൃകയാണ്. നൂതന സാങ്കേതികവിദ്യയുടെ സാധ്യതകൾ വിജ്ഞാപനം മുതൽ നിയമന ശിപാർശവരെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുന്നു. 1996-–2001 കാലത്ത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരള പി എസ് സിയുടെ ആധുനികവൽക്കരണത്തിന് തുടക്കമായത്.
രാജ്യത്തെ നിയമനങ്ങളിൽ പകുതിയും കേരളത്തിൽ
യൂണിയൻ പബ്ലിക് സർവീസ് കമീഷന്റെ (യുപിഎസ്‍സി) കണക്കുപ്രകാരം രാജ്യത്തെ 50 ശതമാനത്തിലേറെ പിഎസ്‍സി നിയമനങ്ങളും നടക്കുന്നത് കേരളത്തിലാണ്. 2024ൽ കേരളം ഉൾപ്പെടെയുള്ള 28 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി ആകെ നിയമന ശുപാർശ നൽകിയത് 67,711 പേർക്കാണ്. ഇതിൽ കേരളത്തിൽ മാത്രം 34,194 (51 ശതമാനം). രണ്ടാമതുള്ള തെലങ്കാന 11,874 പേർക്കും മൂന്നാമതുള്ള മഹാരാഷ്‌ട്ര 3581 പേർക്കുമാണ് അയച്ചത്. 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ പിഎസ്‍സിവഴി ശുപാർശ അയച്ചത് 970 പേർക്ക് മാത്രം.

അക്കാലം നോ വേക്കൻസി
മൂന്ന് ലക്ഷത്തിലധികം പേരുടെ സർക്കാർ ജോലിയെന്ന സ്വപ്‌നത്തിന് നിറംപകർന്ന് എൽഡിഎഫ് സർക്കാർ മുന്നേറുന്പോൾ പിഎസ്‌സി നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ യുഡിഎഫിന്റെ ഇരുണ്ടകാലവും ചർച്ചയാകുന്നു. 2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ നിയമന നിരോധനത്തിനും തസ്‌തിക വെട്ടിക്കുറയ്‌ക്കലിനുമാണ് ശ്രമിച്ചത്. വൈദ്യുതി ബോർഡിൽ മാത്രം അയ്യായിരത്തോളം തസ്‌തിക വെട്ടിക്കുറച്ചു. വാട്ടർ അതോറിറ്റി, ജലസേചനം, ഭൂഗർഭജലം, ലാൻഡ് റവന്യൂ, ഇക്കണോമികസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, വനം, സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് തുടങ്ങിയ വിഭാഗങ്ങളിൽ നൂറുകണക്കിന് തസ്തിക ഇല്ലാതാക്കി. സംസ്ഥാന സർവീസിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും തസ്‌തിക വെട്ടിക്കുറയ്ക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതാധികാര സമിതിയെയും ചുമതലപ്പെടുത്തി. സമിതി സർക്കാർ സർവീസിൽ ഇരുപതിനായിരത്തിലധികം തസ്‌തിക ഇല്ലാതാക്കണമെന്ന് ശുപാർശ ചെയ്‌തു. തുടർന്ന് പതിനയ്യായിരത്തിലധികം തസ്തിക ഇല്ലാതാക്കി.
ആവശ്യമായ ഫണ്ട് അനുവദിക്കാതെ പിഎസ്‌സിയെ നോക്കുകുത്തിയാക്കിയാണ് യുഡിഎഫ് ഭരണം മുന്നേറിയത്. ബജറ്റിൽ അനുവദിച്ച ഫണ്ടുപോലും ലഭിക്കാതെ വന്നതോടെ പരീക്ഷയും കായികക്ഷമതാ പരിശോധനയുമടക്കം പിഎസ്‌സിക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു. മതിയായ ജീവനക്കാരെ അനുവദിക്കണമെന്ന പിഎസ്‌സിയുടെ ആവശ്യവും സർക്കാർ നിരസിച്ചു. ഏറ്റവും കൂടുതൽ പേർക്ക് അവസരം ലഭിക്കുന്ന എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിലും യുഡിഎഫ് ഭരണത്തിൽ വെട്ടിക്കുറവുകളുണ്ടായി.
നിയമന ശുപാർശ നൽകി 45 ദിവസത്തിനകം നിയമനം നൽകണമെന്ന വ്യവസ്ഥയും വ്യാപകമായി ലംഘിക്കപ്പെട്ടു. കെഎസ്ആർടിസിയിലെ റിസർവ് കണ്ടക്ടർ തസ്തികയിലേക്ക് ശുപാർശ ലഭിച്ച ആയിരത്തോളം പേർക്ക് നിയമന ഉത്തരവ് ലഭിച്ചില്ലെന്ന ആക്ഷേപമുയർന്നു.

34,087 തസ്‌തിക ഇല്ലാതാക്കി ഉമ്മൻചാണ്ടി ; 80,000 തസ്‌തിക അധികമെന്ന് ആന്റണി
2001ൽ എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കെ സർക്കാർ സർവീസിൽ 80,000 തസ്‌തിക അധികമാണെന്ന് വിചിത്രപ്രഖ്യാപനം നടത്തി വെട്ടിക്കുറയ്ക്കൽ നടപടി തുടങ്ങിയിരുന്നു. മെയ് 17ന് അധികാരത്തിലേറിയ ആന്റണി ജൂൺ 11ന് നിയമന നിരോധനം ഏർപ്പെടുത്തി. തസ്തിക സൃഷ്ടിക്കുന്നതും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനങ്ങളും കുടിക്കാഴ്ചയും നിർത്തിവച്ചു. പട്ടികജാതി–വർഗ വകുപ്പിലെ കോ-–ഓർഡിനേറ്റർ, സോഷ്യൽ ആക്ടിവിസ്റ്റ് തുടങ്ങി 2000 പേർക്ക് തൊഴിൽ നിഷേധിച്ചു.പുതിയ തസ്തിക സൃഷ്ടിക്കില്ലെന്ന സർക്കാർ നയം ഒക്ടോബർ 15ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. തസ്‌തികകൾ റദ്ദാക്കിയതോടെ റാങ്ക് ലിസ്റ്റുകൾ അപ്രസക്തമായി. പിഎസ്‌സി നോക്കുകുത്തിയായി. ആന്റണി രാജിവച്ചശേഷം മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയും ഇതേനയം തുടർന്നു.
തസ്തിക ഒഴിവാക്കൽ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി 40,000 ഒഴിവ് അധികമാണെന്ന് ആന്റണി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2001- –2006-ൽ സംസ്ഥാന സർവീസിലും പൊതുമേഖല - സ്വയംഭരണ സ്ഥാപനങ്ങളിലുമായി 34,087 തസ്‌തിക യുഡിഎഫ് സർക്കാർ ഇല്ലാതാക്കി. സംസ്ഥാന സർവീസിൽമാത്രം 13,767 തസ്തിക ഇല്ലാതാക്കി. 2006ൽ എൽഡിഎഫ് സർക്കാർ ചുമതലയേറ്റശേഷമാണ് നിയമന നിരോധനം നീക്കിയതും പുതിയ തസ്തിക സൃഷ്ടിക്കാൻ തുടങ്ങിയതും.











0 comments