print edition പ്രവാസി ഇൻഷുറൻസ് പദ്ധതിയും പ്രതിസന്ധിയിൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രവാസി സംഘം

തിരുവനന്തപുരം: പ്രവാസികൾക്കുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടരുതെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ദ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായുള്ള നോർക്ക റൂട്ട്സിന്റെ കരാർ കാലാവധി 31-ന് അവസാനിക്കും. ക്ലെയിം തുക പിരിച്ചെടുത്ത പ്രീമിയത്തേക്കാൾ ഉയർന്നതിനെ തുടർന്ന് പ്രീമിയം നിരക്കിൽ കമ്പനി വലിയ വർധന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് പുതിയ കരാറിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായതായാണ് റിപ്പോർട്ടുകൾ.
സമയബന്ധിതമായി പുതിയ കരാർ ഉറപ്പാക്കാൻ സാധിച്ചില്ലെങ്കിൽ നിലവിലുള്ള പോളിസികളുടെ തുടർച്ചയും പുതിയ അംഗങ്ങളുടെ എൻറോൾമെന്റും തടസ്സപ്പെടും. പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇത്തരമൊരു അനിശ്ചിതത്വം അനുവദിക്കാനാകില്ല.
പ്രവാസി ക്ഷേമമേഖലയിലെ മറ്റു പദ്ധതികളും പ്രതിസന്ധിയിലാണ്. പെൻഷൻ വിതരണം മുടങ്ങി. പ്രവാസി ക്ഷേമനിധി ബോർഡിൽനിന്ന് ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളുടെ വിതരണവും കൃത്യമായി നടക്കുന്നില്ല.
പ്രവാസിവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിതന്നെ വഹിക്കുന്ന സാഹചര്യത്തിൽ, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തരവും ഫലപ്രദവുമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും പ്രസിഡന്റ് ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും പ്രസ്‌താവനയിൽ പറഞ്ഞു.








0 comments