print edition മണിക്കൂറുകൾ വൈദ്യുതി മുടക്കം

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ വെന്തുരുകി ജനം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട് വൈദ്യുതി നിലയ്‌ക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്. പ്രതിസന്ധി മുൻകൂട്ടിക്കണ്ട് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ് പവർക്കട്ടിലും ലോഡ് ഷെഡിങ്ങിലും ജനം വലയുന്നത്.
സംസ്ഥാനത്ത് സാധാരണയുള്ളതിനേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയ സാഹചര്യത്തിലാണ് ഇൗ പ്രഹരം. വയോധികരും കിടപ്പുരോഗികളുമാണ് വലിയ ബുദ്ധിമുട്ടിലായത്. രാത്രി ആറ് മുതൽ 12 വരെ വൈദ്യുതി മുടങ്ങുമെന്ന് മാത്രമാണ് കെഎസ്‌ഇബിയുടെ അറിയിപ്പ്. എപ്പോൾ, എത്ര നേരം എന്ന് വ്യക്തതയില്ല.
ഒരു മണിക്കൂർ മുന്പ് അറിയിപ്പ് നൽകണമെന്ന റെഗുലേറ്ററി കമീഷന്റെ നിർദേശവും നടപ്പാക്കുന്നില്ല. നിസ്സഹായരാണെന്നാണ് കെഎസ്‌ഇബി ജീവനക്കാർ പറയുന്നത്.
വൈദ്യുതി മുടക്കം തുടർക്കഥയായതോടെ ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും താളംതെറ്റി.
പരിക്കേറ്റും അടിയന്തര സാഹചര്യത്തിലും എത്തുന്നവരെ പല ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സിക്കാൻ നിർബന്ധിതരാകുന്നു. മുന്പ് സമാന സാഹചര്യം ഉണ്ടായപ്പോൾ ‘പവർക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ’ എന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണം.









0 comments