Deshabhimani

യുഎൻ ഏജൻസിക്കുള്ള സഹായം മുടക്കി, ഗാസയിൽ അഞ്ച് ലക്ഷം പേര്‍ മുഴുപ്പട്ടിണിയിലേക്ക്

gaza
വെബ് ഡെസ്ക്

Published on Oct 19, 2026, 03:49 PM | 2 min read

ഗാസ സിറ്റി: കടുത്ത ഫണ്ട് ദൗബല്യത്തെ തുടര്‍ന്ന് ഗാസയിലെ പട്ടിണിക്കാരായ അഞ്ച് ലക്ഷത്തോളം ആളുകളെ സഹായ പദ്ധതിയിൽ നിന്നും പുറത്താക്കേണ്ടി വന്നതായി ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി ഏജൻസി (World Food Programme - WFP) അറിയിച്ചു. ഈ മാസം മുതൽ തന്നെ 500,000 ആളുകളെ പദ്ധതിയിൽ നിന്നും മാറ്റുകയാണെന്ന് പദ്ധതിയുടെ ഗാസ കൺട്രി ഡയറക്ടർ ഷൗൺ ഹ്യൂഗ്സ് വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു.


പുതിയ വെട്ടിച്ചുരുക്കലോടെ ആഹാര സാധനങ്ങളായോ പണമായോ പ്രതിമാസ സഹായം ലഭിക്കുന്ന പലസ്തീനികളുടെ എണ്ണം വീണ്ടും ചുരുങ്ങി 11 ലക്ഷമായി. ഗാസയിൽ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന പട്ടിണിക്കാരായ മനുഷ്യരുടെ പകുതി മാത്രമാണിത്.


അടുത്ത ആറ് മാസത്തെ മിനിമം പ്രവർത്തനങ്ങൾ തുടരുന്നതിനായി 450 മില്യൺ ഡോളറിന്റെ സഹായം അത്യാവശ്യമായ സാഹചര്യമാണ്. സംഘർഷ ബാധിത മേഖലകളിലേക്ക് സുരക്ഷിതമായി ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനുള്ള ഗതാഗത-വിതരണ ചെലവുകൾ കുത്തനെ ഉയർന്നതും ഏജൻസിയുടെ സാമ്പത്തിക ഭാരം ഇരട്ടിയാക്കി. ഇതിനിടെ ഇസ്രയേൽ ആക്രമണം തുടരുകയും ചെയ്യുന്നു. ഭക്ഷണത്തിനായി എത്തുന്ന കുട്ടികളെ വരെ ലക്ഷ്യം വെക്കുന്നു.


"കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കിയത്. ഗാസയിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഇപ്പോഴും വളരെ ഗുരുതരമായി തുടരുകയാണ്," — ഷൗൺ ഹ്യൂഗ്സ് (WFP കൺട്രി ഡയറക്ടർ)


പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ UNRWA (United Nations Relief and Works Agency)-യ്ക്കുള്ള സാമ്പത്തിക സഹായം നേരത്തെ തന്നെ അമേരിക്ക പൂർണ്ണമായി നിർത്തിവെച്ചിരുന്നു.


വര്‍ഷങ്ങളായി തുടരുന്ന സംഘർഷവും ഉപരോധവും കാരണം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളും വിപണികളും പൂർണമായി തകർന്ന നിലയിലാണ്. ജനങ്ങളിൽ ഭൂരിഭാഗവും പൂർണമായും അന്താരാഷ്ട്ര മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സഹായം വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുന്നു. അടിയന്തിരമായി കൂടുതൽ അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭ്യമായില്ലെങ്കിൽ വരും മാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.


ഐക്യരാഷ്ട്ര സഭയെ തകര്‍ക്കുക

യുഎസ് ഇസ്രയേൽ കൂട്ടുകെട്ട് മുന്നോട്ട്


ഐക്യരാഷ്ട്ര സഭയെ തകര്‍ക്കുക ലക്ഷ്യം വെച്ച് അമേരിക്കൻ ഇസ്രയേൽ നേതൃത്വത്തിൽ ആസൂത്രിത നീക്കങ്ങൾ തുടരുകയാണ്. ഗാസവംശ ഹത്യയിൽ നെതന്യാഹുവിന് എതിരെ അറസ്റ്റ് വാറൻ്റ് പ്രഖ്യാപിച്ചത് മുതൽ അന്താരാഷ്ട്ര ക്രമിനൽ കോടതിക്ക് എതിരെ ഇരു രാജ്യങ്ങളും ഒരുമിച്ച് ആക്രമണ നീക്കങ്ങൾ നടത്തുന്നുണ്ട്. സാമ്പത്തിക സ്രോതസുകൾ തകര്‍ത്താണ് ഇത്തരം സമാധാന മാനിഷിക പ്രവര്‍ത്തന രംഗങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സംവിധാനങ്ങളെ തകര്‍ക്കുന്നത്. നേതൃത്വം നൽകുന്നവരെ വ്യക്തിപരമായും ലക്ഷ്യം വെക്കുന്നു.


ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിക്കും മറ്റ് ഏജൻസികൾക്കും ബദലായി പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാൻ യുഎസ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീക്കങ്ങൾ തുടരുന്നുണ്ട്. ട്രംപ് 'ബോർഡ് ഓഫ് പീസ്' (Board of Peace) പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലായിരുന്നു. ഏതാനും വൻകിട രാഷ്ട്രങ്ങളുടെ രാഷ്ട്രീയ-ധനകാര്യ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു ബദൽ ലോകക്രമം സൃഷ്ടിക്കയാണ് ലക്ഷ്യം.


സമാധാനവും മാനുഷിക സഹായവും ഉറപ്പാക്കാൻ രൂപീകരിച്ച ഐക്യരാഷ്ട്രസഭ പോലുള്ള സംവിധാനങ്ങളെ സാമ്പത്തികമായി തളർത്തുകയാണ്. പകരം വൻകിട രാജ്യങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ബദൽ സംവിധാനങ്ങൾ സ്ഥാപിച്ച് ആഗോള ബഹുരാഷ്ട്ര കുത്തക കയ്യടക്കുകയാണ്. അമേരിക്കയും ഇസ്രയേലുമാണ് ഇതിൽ അച്ചുതണ്ട് ശക്തികളായി പ്രവര്‍ത്തിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രൂപീകരിക്കപ്പെട്ട ലീഗ് ഓഫ് നാഷൺസ് തകര്‍ത്ത മാതൃകയാണ് പിന്തുടരുന്നത്. വംശഹത്യയ്ക്ക് ഇരയായി ഇഞ്ചിഞ്ചായി മരിക്കുന്ന ജനങ്ങളെയാണ് ഇതിന് ആദ്യത്തെ ഇരകളാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home