print edition "കറന്റുണ്ടാകില്ല'... 21 കോടി അറിയിപ്പ്

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ ആസൂത്രിതമായി വരുത്തിവച്ച ‘വൈദ്യുതി പ്രതിസന്ധി’യാണ് 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം കേരളത്തെ ഇരുട്ടിലാക്കിയത്. ഈ സർക്കാരിന്റെ ആറ് മാസത്തിനിടെ ലഭ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതോടെ വൈദ്യുതി തടസ്സപ്പെടുമെന്ന് 21 കോടിയിലേറെ (21,14,31,291) എസ്‌എംഎസ് ആണ് കെഎസ്‌ഇബി ജനങ്ങൾക്ക് അയച്ചത്.
അപ്രഖ്യാപിത ലോഡ് ഷെഡിങ് ജനജീവിതം താളംതെറ്റിച്ചു. വ്യാപാര, നിർമാണ, ബേക്കറി ഇതര മേഖലയിൽ തിരിച്ചടിയുണ്ടായി. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ കോൺസെൻട്രേറ്റർ നിലച്ച് പാലക്കാട് രോഗി മരിച്ചു. തുടർന്നാണ്, മുൻകൂട്ടി അറിയിക്കണമെന്ന് റെഗുലേറ്ററി കമീഷൻ കർശന നിർദേശം കെഎസ്‌ഇബിക്ക് നൽകിയത്. ജനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ടത് കോടികളുടെ കമീഷൻ ഇടപാടിനുള്ള മറയായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവന്നത്.
സ്വകാര്യ കന്പനിയായ വിഇഎച്ച് ഗ്ലോബൽ ഇന്ത്യയിൽനിന്ന് അമിത വിലയ്‌ക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് 11 രൂപയ്‌ക്കാണ്. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് നാലുരൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് ടെൻഡറോ റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ മുഖ്യമന്ത്രിയുടെ അനുമതിയിൽ ഇടപാട് നടന്നത്. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് 14.50 രൂപയ്‌ക്കാണ്. സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയിൽനിന്ന് കെഎസ്‌ഇബിയുടെ എതിർപ്പ് മറികടന്ന് ഇടപാടിന് മുഖ്യമന്ത്രി നീങ്ങിയത് പിടിക്കപ്പെട്ടു. 700 മുതൽ 900 കോടി രൂപയുടെവരെ നഷ്‌ടമുണ്ടാക്കുന്ന നീക്കം പ്രതിപക്ഷവും മാധ്യമങ്ങളും തുറന്നുകാട്ടിയതോടെ അവസാനിപ്പിക്കേണ്ടിവന്നു. തീവെട്ടിക്കൊള്ള പിടിക്കപ്പെട്ടതോടെ സതീശനും സണ്ണി ജോസഫും പരസ്‌പരം ചെളിവാരിയെറിഞ്ഞു.








0 comments