ആറു മാസം; അട്ടപ്പാടിയിലെ ആരോഗ്യമേഖല പൂർണമായി തകർത്തു, ശക്തമായ പ്രതിഷേധം ഉയരും: പിണറായി

പാലക്കാട് : കേവലം ആറു മാസത്തെ യുഡിഎഫ് ഭരണം അട്ടപ്പാടിയിലെ ആരോഗ്യമേഖലയെ പൂർണ്ണമായും തകർത്തതായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പാവപ്പെട്ടവരുടെ ജീവൻ വെച്ചു കളിക്കുയകയാണ് യുഡിഎഫ് സർക്കാരെന്നും അട്ടപ്പാടിയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പിണറായി വിജയൻ പറഞ്ഞു.
അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രതിപക്ഷനേതാവ് സന്ദർശിച്ചു. കോട്ടത്തറ ആശുപത്രിയിൽ സ്‌കാനിംഗ് സൗകര്യം നിലച്ചതിനും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനുമൊപ്പം ഗർഭിണികളുടെ ചുമതലയുള്ള അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനവും താറുമാറായിരിക്കുകയാണ്. അരിവാൾ രോഗം ചികിത്സിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും എൻഎച്ച്എമ്മിന്റെ മൊബൈൽ ക്ലിനിക്കുകൾ, ലാബുകൾ, മെഡിക്കൽ യൂണിറ്റുകൾ എന്നിവ പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തു. ഫണ്ടില്ലെന്ന് പറഞ്ഞ് ആംബുലൻസ് ക്ലിനിക്കുകളുടെ കരാറും ഇതുവരെ പുതുക്കിയിട്ടില്ല.
ഗർഭിണികൾക്കുള്ള 'ജനനി ജന്മ രക്ഷ' ധനസഹായം മാസങ്ങളായി കുടിശ്ശികയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സഹായവും, അമ്മമാർക്ക് നൽകിയിരുന്ന 2000 രൂപയുടെ പ്രതിമാസ സഹായവും നിലച്ചു. അങ്കണവാടികളോട് ചേർന്നുള്ള സമൂഹ അടുക്കളകൾ പൂട്ടുകയും സ്കൂളുകളിലെ ആദിവാസി കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തു. പാവപ്പെട്ടവരുടെ ജീവൻ വെച്ചു കളിക്കുകയും അട്ടപ്പാടിയെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.







0 comments