Deshabhimani

ഹോട്ടലില്‍ മുറിയെടുത്ത കമിതാക്കളെ വ്യാജ ലഹരി കേസിൽ കുടുക്കാൻ ശ്രമം; മധ്യപ്രദേശിൽ എഎസ്പി പിടിയിൽ

mp
വെബ് ഡെസ്ക്

Published on Nov 18, 2026, 03:40 PM | 1 min read

ഭോപ്പാൽ : മധ്യപ്രദേശിൽ കമിതാക്കളെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസുകാരൻ പിടിയിൽ. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. ഹോട്ടലിൽ മുറിയിലെത്തിയ പ്രായപൂർത്തിയായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്യാനെത്തിയ എഎസ്പി ദീപക് മിശ്രയാണ് യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.


സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. നവംബർ 13 ന് സിയോണിയിലെ സിദ്ധാർഥ് എന്ന ഹോട്ടലിലെത്തിയ യുവതിയെയും യുവാവിനെയും തടഞ്ഞുവെച്ച് വീട്ടുകാരെ വിവരമറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ഒരേ ജാതിയിൽപ്പെട്ടവരാണെന്നും വിവാഹിതരാകാൻ തീരുമാനിച്ചവരാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഫോൺ അൺലോക്ക് ചെയ്ത് വീട്ടുകാരെ വിളിക്കാൻ ശ്രമിച്ചപ്പോൾ യുവതി വിസമ്മതിക്കുകയായിരുന്നു.


തുടർന്ന് യുവാവിന്റെ ബാഗിൽ കഞ്ചാവ് വെച്ച് കേസെടുക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെട്ടു. അവന്റെ ബാ​ഗിൽ കഞ്ചാവ് വെയ്ക്കൂവെന്ന് ദീപക് മിശ്ര പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം. മാതാപിതാക്കളെ അറിയിക്കാതെ ഒരുമിച്ച് സമയം ചെലവഴിക്കാൻ എത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥർ കമിതാക്കളെ ശകാരിക്കുന്നതും വിഡിയോയിലുണ്ട്.


പൊലീസിന്റെ പണപ്പിരിവിന് വഴങ്ങാത്തതിനാലാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയതെന്ന് സിദ്ധാർത്ഥ് ഹോട്ടൽ ഉടമ സഞ്ജു സനോദിയ പിന്നീട് പറഞ്ഞു. പ്രതിമാസം 25,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായും, ഇത് നൽകാൻ വിസമ്മതിച്ചതോടെയാണ് ഹോട്ടലിൽ കയറി അതിക്രമം കാട്ടിയതെന്നും സനോദിയ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home