സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ആശ്വാസമായി വേനൽമഴ

തിരുവനന്തപുരം: കഠിനമായ ചൂടിനെത്തുടർന്ന് സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചിരുന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയെത്തുടർന്ന് ചൂട് നേരിയ തോതിൽ കുറഞ്ഞതാണ് വൈദ്യുതി ഉപയോഗം താഴാൻ കാരണമായത്.
ഇതോടെ ലോഡ് വർധനവ് മൂലമുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾക്കും പരിഹാരമായി. വേനൽ കടുത്തതോടെ എസി, കൂളർ എന്നിവയുടെ അമിത ഉപയോഗം കാരണം വൻതോതിലുള്ള വൈദ്യുതി വർധനവാണ് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്. ഇത് പലയിടങ്ങളിലും ട്രാൻസ്‌ഫോർമറുകൾ ഓവർലോഡ് ആകാനും പവർ ട്രിപ്പിംഗിനും കാരണമായിരുന്നു.
സാഹചര്യം നേരിടാൻ കെഎസ്ഇബി പ്രാദേശികമായി നേരിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ മഴ പെയ്തു തുടങ്ങിയതോടെ ഇന്നലെ സംസ്ഥാനത്ത് ഒരിടത്തും അത്തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു.
വരുന്ന ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ വ്യാപിക്കുന്നതോടെ താപനില ഇനിയും താഴുമെന്നും അതുവഴി വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുമെന്നും കെഎസ്ഇബി പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ മഴ തുടരുന്നത് വൈദ്യുതി വിതരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായകമാകും.









0 comments