print edition ആശയ വിനിമയം ഇ മെയിൽ വഴി; പൊലീസിലെ സന്ദേശവാഹകൻ സിഒബിക്ക് ‘അകാല ചരമം’


റഷീദ് ആനപ്പുറം
Published on Nov 13, 2026, 01:30 AM | 1 min read
തിരുവനന്തപുരം : കേരള പൊലീസിലെ വിവരം ചോരുന്നുവെന്ന സംശയത്തിൽ വർഷങ്ങളായി ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന സിഒബി (കമ്യൂണിക്കേഷൻ ബാക്ക്ബോൺ) സംവിധാനം നിർത്തലാക്കി. ഒൗദ്യോഗിക ആശയവിനിമയങ്ങളുടെ രഹസ്യ സ്വഭാവവും സുരക്ഷയും ഉറപ്പാക്കാൻ ഇൻട്രാനെറ്റിൽ പ്രവർത്തിപ്പിച്ച സംവിധാനമാണ് പൂർണമായും പിൻവലിച്ചത്. പകരം പുതിയ ഇ –മെയിൽ വിലാസം പൊലീസ് ആസ്ഥാനം ഐജി ഹർഷിത അട്ടല്ലൂരി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി.
പൊലീസിൽ സർക്കുലർ, അടിയന്തര ഉത്തരവ്, നിർദേശം തുടങ്ങിയ വിവരങ്ങൾ അതിവേഗം കൈമാറിയിരുന്നത് സിഒബി വഴിയാണ്. സുരക്ഷയുടെ ഭാഗമായി പൊതു ഇന്റർനെറ്റ് ഒഴിവാക്കി പ്രത്യേക സെർവറും നോഡുകളും വഴിയാണ് സിഒബി പ്രവർത്തിക്കുന്നത്. എല്ലാ പൊലീസ് യൂണിറ്റുകളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. 2018-ലെ പ്രളയകാലത്ത് സാധാരണ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായപ്പോൾ പൊലീസിനും മറ്റ് സർക്കാർ വകുപ്പുകൾക്കും വലിയ സഹായമായത് സിഒബിയായിരുന്നു.
സിഒബിക്കായി പൊലീസ് ആസ്ഥാനത്തും ജില്ലാ ആസ്ഥാനം, സ്‌പെഷൽ യൂണിറ്റ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ പ്രത്യേക ജീവനക്കാരെയും നിയമിച്ചിരുന്നു. ഇവരെ മറ്റിടങ്ങളിലേക്ക് മാറ്റും. സ്‌റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് നിർദേശം. എല്ലാ യൂണിറ്റ് മേധാവിമാരും ഒരാഴ്‌ചയ്‌ക്കകം ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് നൽകണമെന്ന് ഐജി നിർദേശം നൽകി. സിഒബി വഴി നൽകിയ എല്ലാ ആശയവിനിമയങ്ങളും മെയിൽ വഴിയാണ് നൽകേണ്ടത്. ഇവ പതിവായി പരിശോധിച്ച് നടപടി സ്വീകരിക്കണം.









0 comments