Deshabhimani

യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റിന് സമൻസ്‌ അറിയിക്കാൻ വിളിച്ചു; പൊലീസുകാരനെ ഇടുക്കിയിലേക്ക്‌ സ്ഥലംമാറ്റി

kerala police.jpg

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on Nov 20, 2026, 10:51 AM | 1 min read

ആലപ്പുഴ : യൂത്ത്‌കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം പി പ്രവീണിനെ സമൻസ്‌ അറിയിക്കാൻ ഫോണിൽ വിളിച്ച പൊലീസുകാരനെ ഇടുക്കിയിലേക്ക്‌ സ്ഥലംമാറ്റി. കായംകുളം സ്‌റ്റേഷനിലെ സിവിൽ പൊലീസ്‌ ഓഫീസർ റിയാസ്‌ ഷെറീഫിനെ ശബരിമലയിൽ ഡ്യൂട്ടിചെയ്യുന്നതിനിടെയാണ്‌ കോൺഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ സ്ഥലം മാറ്റിയത്‌.


കായംകുളത്ത്‌ നടന്ന സമരവുമായി ബന്ധപ്പെട്ട്‌ കോടതിയിൽനിന്ന്‌ എം പി പ്രവീൺ അടക്കമുള്ളവർക്ക് സമൻസ്‌ അയച്ചിരുന്നു. ഇക്കാര്യമറിയിക്കാൻ സമൻസിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട്‌ എം പി പ്രവീൺ തട്ടിക്കയറുകയായിരുന്നു. സമൻസ് വാങ്ങില്ലെന്നും എന്നെ നിനക്ക് അറിയാൻ പാടില്ലെന്നും ഭീഷണിപ്പെടുത്തി. ഇത്‌ ചോദ്യംചെയ്‌തതോടെ അസഭ്യം പറയുകയും ചെയ്‌തു.


സംഭവത്തിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ കായംകുളം സ്‌റ്റേഷനിൽ പരാതി നൽകി. വിവരമറിഞ്ഞ്‌ എം പി പ്രവീൺ തൊട്ടടുത്ത ദിവസം കായംകുളം സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ഡിവൈഎസ്‌പിക്ക്‌ പരാതി നൽകുകയും ചെയ്‌തു. പിന്നാലെയാണ്‌ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ ബുധനാഴ്‌ച സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ ഇറങ്ങിയത്‌. ഉദ്യോഗസ്ഥന്‌ ഉടൻ ചുമതലകളിൽനിന്ന്‌ വിടുതൽ നൽകണമെന്നും ഉത്തരവിലുണ്ട്‌.


ജോലി കൃത്യമായി ചെയ്‌തതിന് പൊലീസ് ഉദ്യോഗസ്ഥനെ ഭരണസ്വാധീനം ഉപയോഗിച്ച് ഇടുക്കി ജില്ലയിലേക്ക് സ്ഥലം മാറ്റിയതിൽ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലുകളിൽ ആഭ്യന്തരമന്ത്രിയുടെ ജില്ലയിൽ പൊലീസിനകത്ത്‌ അതൃപ്‌തി പുകയുകയാണ്‌.


പൊലീസ് ഉദ്യോഗസ്ഥയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച കേസിൽ പ്രതിയായ യുഡിഎഫ് അനുകൂല പൊലീസ് സംഘടനാ നേതാവിനെ സർവീസിൽ തിരിച്ചെടുത്തിരുന്നു. വീയപുരം പൊലീസ് സ്റ്റേഷനിലെ തിരോധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ സംഘത്തിലെ പൊലീസ്‌ ഉദ്യോഗസ്ഥൻ സഹപ്രവർത്തകയോട്‌ മോശമായി പെരുമാറി. ഇവരുടെ പരാതിയിൽ നൂറനാട്‌ സ്‌റ്റേഷനിലേക്ക്‌ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ ഇപ്പോൾ പരാതിക്കാരി ജോലിചെയ്യുന്ന ഹരിപ്പാട്‌ സിഐ ഓഫീലേക്ക്‌ സ്ഥലംമാറ്റിയതും വിവാദമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home