രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു, കൗതുകമായി കുടുംബ രാഷ്ട്രീയം

ജയ്പൂര്‍:രാജസ്ഥാനിലെ 37 ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. ഇരുപത്തി ഒൻപതിനായിരത്തിലധികം സ്ഥാനാർഥികളാണ് മത്സര രംഗത്തുളളത്. ബിജെപി കോൺഗ്രസ് പാര്‍ടികളിലെ നേതാക്കള്‍ കുടുംബപരമായി കൈവശ പ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങള്‍ വർധിച്ചതാണ് ഇത്തവണത്തെ പ്രത്യേകത. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
ജില്ലാ പഞ്ചായത്തുകളിൽ 1,275 വാർഡുകളിലായി 4,069 സ്ഥാനാർത്ഥികൾ ജനവിധി അറിയാനായി കാത്തിരിക്കുന്നു. ഇതിന് പുറമെ 419 പഞ്ചായത്ത് സമിതികളിലെ 7,543 വാർഡുകളിലായി 25,108 സ്ഥാനാർത്ഥികളാണുള്ളത്. ഒക്ടോബർ 22, 28, നവംബർ 3, 14 തീയതികളിലായി നാല് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 41,480 പോളിംഗ് സ്റ്റേഷനുകളിലായി 2.48 കോടിയിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
മുൻ ബിജെപി എംഎൽഎ രാജേന്ദ്ര റാത്തോഡിന്റെ മകൻ പരാക്രം സിംഗ്, മരുമകൾ കനിക സിംഗ് എന്നിവരും, കോൺഗ്രസ് എംഎൽഎ നരേന്ദ്ര ബുഡാനിയയുടെ ഭാര്യ കനക് ബുഡാനിയയും ജില്ലാ പരിഷത്തിലേക്ക് മത്സരിക്കുന്നു. നഗരവികസന-ഭവന വകുപ്പ് മന്ത്രി ഝബർ സിംഗ് ഖാരയുടെ ഭാര്യ ശാന്തി ദേവി, മക്കളായ അജയ് സിംഗ്, ദുർഗ സിംഗ് എന്നിവർ ശ്രീമാധോപൂർ പഞ്ചായത്ത് സമിതിയിലേക്ക് ജനവിധി കാത്തിരിക്കുന്നു. ബിക്കാനീറിൽ മുൻ കോൺഗ്രസ് എംപി രാമേശ്വർ ഡുഡിയുടെ മരുമകൾ നികിത ഡുഡി, ജയ്സാൽമീറിൽ മുൻ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന സാലെ മുഹമ്മദിന്റെ സഹോദരന്മാരായ അമീൻ ഖാൻ ഫക്കീർ, അമർദിൻ ഫക്കീർ, ദൗസയിൽ കോൺഗ്രസ് എംഎൽഎ ഡി.സി. ബൈർവയുടെ ഭാര്യ ബീന ബൈർവ എന്നിവരും മത്സരരംഗത്തുണ്ട്.
നിലവിലുള്ള ഭരണസമിതികളുടെ അഞ്ച് വർഷത്തെ കാലാവധി ഡിസംബറിൽ അവസാനിക്കും. ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പ് നവംബർ 25-നും, ഉപ-ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പ് നവംബർ 26-നും നടക്കും. പഞ്ചായത്ത് സമിതി പ്രധാൻ തിരഞ്ഞെടുപ്പ് നവംബർ 27-നും, ഉപ-പ്രധാൻ തിരഞ്ഞെടുപ്പ് നവംബർ 28-നും നടക്കും.








0 comments