print edition പൊലീസിൽ ക്രിമിനൽ സംഘം


റഷീദ് ആനപ്പുറം
Published on Oct 08, 2026, 01:30 AM | 1 min read
തിരുവനന്തപുരം : കസ്റ്റഡിയിലെടുത്തയാളെ തല്ലിക്കൊല്ലുക, മുപ്പത് സെക്കന്റിൽ വിദ്യാർഥിയുടെ മുതുകിൽ ലാത്തികൊണ്ട് 27 അടി അടിക്കുക, മഫ്ത്തിയിൽ തോക്കുമായി വയോധികയെ ഭീഷണിപ്പെടുത്തുക, വിദ്യാർഥി നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തുക തുടങ്ങിയ ‘വിനോദങ്ങൾ’ നടത്തി അഴിഞ്ഞാടുകയാണ് കേരളാ പൊലീസ്.
എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദളിതരെ തല്ലിച്ചതച്ചാണ് വി ഡി സതീശൻ സർക്കാർ ഗുണ്ടാ പൊലീസിങ് തുടങ്ങിയത്. കോഴിക്കോട് കണ്ണൂക്കര മാടക്കര ജുമാമസ്ജിദിൽ വിശ്വാസികളെ വേട്ടയാടി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ തല്ലിച്ചതച്ചു. പത്തനംതിട്ട അടൂരിൽ യുവാവിനെ കാറിലിട്ട് ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം തകർത്തു. കൂടൽ പൊലീസ് സ്റ്റേഷനിൽ ഹൃദ്രോഗിയായ 20 വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത് മർദിച്ചു.
നെടുമങ്ങാട് മദ്യപിച്ചെത്തിയ ഇൻസ്പെക്ടർ സ്റ്റേഷനിലെത്തി ബന്ധുക്കളെ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ചു. ഇടുക്കി കരിമണ്ണൂർ എസ്ഐ ഉൾപ്പെടെയുള്ളവരെ പൊലീസ് ജീപ്പിൽ മദ്യവുമായി പോകുന്പോഴാണ് നാട്ടുകാർ പിടികൂടിയത്. മുഖ്യമന്ത്രിയുടെ സ്വന്തക്കാരൻ എംഡിഎംഎയുമായി അറസ്റ്റിലായപ്പോൾ പൊലീസ് സംരക്ഷണമൊരുക്കി.
ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥരെ സുപ്രധാന സ്ഥാനത്ത് നിയമിക്കുന്നുവെന്ന ആക്ഷേപം ശക്തം. മന്ത്രിമാരെ വഴിയിൽ തടഞ്ഞ ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്പോൾ അതേ കുറ്റം ചെയ്ത ബിജെപിക്കാരെ നിസ്സാരവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിടുന്നു.
കാപ്പ കേസിൽ ജയിലിലായിരിക്കെ, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സുഗതന് കൗൺസിൽ യോഗത്തിൽനിന്ന് അവധി അനുവദിച്ച് കത്ത് നൽകിയത് ആഭ്യന്തരവകുപ്പാണ്. പോക്സോ കേസിൽ ജയിലിലായിരുന്ന ആർഎസ്എസുകാരനായ അധ്യാപകൻ പ്രേമരാജന് ജാമ്യത്തിനായി ഒത്തുകളിച്ചു. സമരംചെയ്തതിന് അറസ്റ്റിലായ വിദ്യാർഥികളെ കൈയാമംവച്ച് കോടതിയിൽ ഹാജരാക്കിയതും ആർഎസ്എസ് പ്രീണനമാണ്.









0 comments