ad
Deshabhimani

print edition കരുതലിലും മാതൃകയായി കേരള പൊലീസ്‌

kerala police
avatar
എസ് കിരൺബാബു

Published on Feb 16, 2026, 12:41 AM | 2 min read


തിരുവനന്തപുരം

ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തിലും മാത്രമല്ല സാമൂഹ്യപ്രവർത്തനത്തിലും ലോകത്തിന് മാതൃകയായി കേരള പൊലീസ്. കൗൺസലിങ് മുതൽ രക്തദാനത്തിൽവരെ സജീവമായി ഇടപെടുന്ന പൊലീസ് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരള പൊലീസിന്റെ വിവിധ പദ്ധതികൾ വഴി അമ്പതിനായിരത്തോളംപേരെയാണ്‌ സൗജന്യ കൗൺസിലിങ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.


പൊലീസിന്റെ ഗാർഹിക പ്രശ്‌നപരിഹാര കേന്ദ്രങ്ങൾവഴി (ഡിസിആർസി) 31463 പേർക്ക് കൗൺസലിങ് നൽകി. ഗാർഹിക, വൈവാഹിക, വിവാഹേതര, കുടുംബ പ്രശ്നങ്ങളിൽപ്പെടുന്നവർക്കാണ്‌ ഡിസിആർസി കൗൺസലിങ് നൽകുന്നത്. വിഷമാവസ്ഥയിലുള്ള കുട്ടികൾക്കായി നടപ്പാക്കിയ ചിരി പദ്ധതിയിലൂടെ 6848 പേർക്ക്‌ സഹായമേകി. 3804 പോക്സോ അതിജീവിതർക്കും ആത്മഹത്യ പ്രവണതയുണ്ടായിരുന്ന 2216 പേർക്കും ആശ്വാസം പകർന്നു. ഇതിനുപുറമെ വനിതാസെൽ വഴി വിവിധ സ്ത്രീകളുടെ 56852 പരാതികളും തീർപ്പാക്കി. യുവതലമുറയുടെ മൊബൈൽ, ഇന്റർനെറ്റ് ആസക്തി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ (ഡി ഡാഡ്) ആരംഭിച്ച് മൂന്ന് വർഷത്തിനിടെ കൈകാര്യം ചെയ്തത് 2309 കേസുകളാണ്. ഇതിൽ 1306 എണ്ണവും പരിഹരിച്ചു. 654 കേസുകൾ വിദഗ്‌ധ പരിശോധനയ്ക്കായി കൈമാറി.


പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മ‌ർദ്ദവും പിരിമുറുക്കവും ലഘൂകരിക്കുന്നതിനുള്ള ഹാറ്റ്സ് പദ്ധതിവഴി 7193പേർക്ക് കൗൺസലിങ് നൽകി. മുതിർന്ന പൗരന്മാർക്കായി കേരള പൊലീസിന്റെ സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്ക് വഴി പ്രശാന്തി എന്നപേരിൽ ആരോഗ്യ, വിനോദ, നിയമ ബോധവൽക്കരണവും നടത്തുന്നു. പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി തുടർപഠനം ഉറപ്പാക്കുന്ന പ്രോജക്ട് ഹോപ്പ്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം തടയാനുള്ള നിർഭയ, വനിതാ സ്വയം പ്രതിരോധ പരിശീലനം എന്നിവയും കേരള പൊലീസിന്റെ അഭിമാന പദ്ധതികളാണ്.


ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ

•തിരുവനന്തപുരം ആർസിസിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസവും 100 ഭക്ഷണപ്പൊതി വിതരണം

• ആലപ്പുഴയിൽ ഒരു വയറൂട്ടാം എന്ന പേരിൽ പൊതിച്ചോർ വിതരണം

• കണ്ണൂർ സിറ്റി ടൗൺ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണ വിതരണം

• കണ്ണൂർ റൂറലിൽ ഉന്നതികളിൽ അദാലത്ത് സംഘടിപ്പിക്കൽ, മെഡിക്കൽ ക്യാമ്പ്, പഠനോപകരണ വിതരണം എന്നിവ

• വയനാട് ജില്ലാ പൊലീസ് ഉന്നതികളിൽ അവശ്യവസ്തുക്കളും പഠനോപകരണവും വിതരണം

• കൊല്ലം സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സ്തനാർബുദ നിർണയ ക്യാമ്പ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home