കേരളത്തിൽ നികുതിദായകർ സത്യസന്ധർ ; അഴിമതി ഇല്ല

തിരുവനന്തപുരം
കേരളത്തിലെ നികുതിദായകരില്‍ ഏകദേശം 85 ശതമാനവും സത്യസന്ധരാണെന്ന് കേരളത്തിലെ സെന്‍ട്രല്‍ ഗുഡ്‌സ് ആൻഡ് സര്‍വീസസ് ടാക്‌സ്, കസ്റ്റംസ് ചീഫ് കമീഷണര്‍ ഷെയ്ക് ഖാദര്‍ റഹ്മാന്‍. മനഃപൂര്‍വം നികുതി ഒഴിവാക്കുന്നില്ല. കേരളത്തിലെ മറ്റൊരു മികച്ച കാര്യം, അഴിമതി ഏതാണ്ട് ഇല്ല എന്നതാണെന്നും ഇംഗ്ലീഷ് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ജോലി ചെയ്ത മറ്റു സംസ്ഥാനങ്ങളിലെ അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ മനഃപൂര്‍വം നികുതി വെട്ടിക്കുന്നത് വളരെ കുറവാണെന്നും ഷെയ്ക് ഖാദര്‍ റഹ്മാന്‍ പറഞ്ഞു. കേരളത്തിലെ തൊഴില്‍ സംസ്‌കാരം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇവിടുത്തെ ആളുകള്‍ വളരെ ബുദ്ധിമാന്മാരും അറിവുള്ളവരുമാണ്. തൊഴില്‍ സംസ്‌കാരം, മുംബൈയില്‍നിന്ന് വ്യത്യസ്തമാണ്. ഇവിടത്തെ ആളുകളുടെ മനോഭാവം നല്ലതാണ്. ഉത്തരേന്ത്യന്‍ ഫ്യൂഡല്‍ സമ്പ്രദായം ഇവിടെ ഓടില്ല.
കേരളത്തിന് ചില മികച്ച ഗുണങ്ങളുണ്ട്. സംസ്ഥാനത്തിന്റെ ഭൂരേഖകള്‍ വളരെ മികച്ചതാണ്. ജനങ്ങള്‍ വിദ്യാസമ്പന്നരാണ്. ഏറ്റവും വേഗത്തില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തുന്നതിലും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും കേരളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇവിടത്തെ അഭിഭാഷകര്‍ നല്ലവരാണ്. തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടുന്നു.
വിഴിഞ്ഞം തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ, തെക്കന്‍ കേരളം യഥാര്‍ഥ ബ്ലൂ ഇക്കോണമിയായി മാറും. വിഴിഞ്ഞം ഒരു ഗെയിം ചേഞ്ചറാണെന്നും അദ്ദേഹം പറഞ്ഞു.









0 comments