ആഭ്യന്തരമന്ത്രി അറിയണം; കേരളം ലഹരിവേട്ട തുടങ്ങിയത് കാറ്റുപോയ ‘തൂഫാനി’ലല്ല


വി എസ് വിഷ്‌ണുപ്രസാദ്
Published on Sep 02, 2026, 12:00 AM | 1 min read
തിരുവനന്തപുരം : ലഹരിയുടെ ഉറവിടത്തിലേക്കെത്തുന്പോൾ അന്വേഷണം അവസാനിപ്പിച്ചോടുന്ന ‘തൂഫാൻ’ കാലമായിരുന്നില്ല എൽഡിഎഫ് ഭരിച്ചപ്പോൾ. സംസ്ഥാനപരിധിപോലും മറികടന്ന് മയക്കുമരുന്ന് മാഫിയകളെ പിടിക്കാൻ പൊലീസിന്റെ ഓപ്പറേഷൻ ഡീ ഹണ്ടും എക്‌സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമെല്ലാം പാർലമെന്റിൽവരെ ചർച്ചയയായ കാലം. 2022 – -2025 കാലത്ത് കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി –- ഹണ്ടാണ് കേരളത്തിലേക്കുള്ള രാസലഹരിക്കടത്ത് തടയിടാനാരംഭിച്ച ആദ്യപദ്ധതി. ഇതിന്റെ പേരുമാറ്റി ‘തൂഫാൻ’ എന്നാക്കുകമാത്രമാണ് യുഡിഎഫ് സർക്കാർ ചെയ്‌തത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേരളത്തെ ലക്ഷ്യമിട്ടുവന്ന 100 കോടി രൂപയുടെ മയക്കുമരുന്ന് കസ്‌റ്റംസിന്റെ സഹായത്തോടെ ആൻഡമാനിൽവച്ച് പിടികൂടി നശിപ്പിച്ചത്. ഹാഷിഷ് ഓയിൽ കടത്തിന്റെ പ്രധാന സൂത്രധാരനായ മൂർഖൻ ഷാജിയെ പിടികൂടി ജയിലിലടച്ചത് തമിഴ്‌നാട്ടിൽനിന്നാണ്. കേരളത്തിലും കർണാടകത്തിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാന കണ്ണിയായ മുഹമ്മദ് ജമയു അബ്ദുറഹിം എന്ന നൈജീരിയൻ പൗരനെ എക്‌സൈസ് സംഘം ഡൽഹിയിൽനിന്നാണ് തൂക്കിയത്. 2024ൽ തൃശൂർ പൊലീസ് പിടിച്ച എംഡിഎംഎയുടെ ഉറവിടം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലായിരുന്നു. തെലങ്കാനയിലെ സിനിമ നിർമാതാവ് കൗകട്‌ല മെഹന്ദർ റെഡ്ഡിയെയും ഇഴുകപ്പള്ളി വെങ്കട നരസിംഹരാജുവിനെയും അവിടെയെത്തി പിടിച്ച്, ‘കുക്കിങ് ലാബ്’ പൂട്ടിച്ചതും അന്നത്തെ സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണം.
ഇന്ത്യയിൽ ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നത് കേരളമാണ് എന്ന് 2025 ഫെബ്രുവരി 3ന് ലോക്‌സഭയിൽ കേന്ദ്രധനകാര്യമന്ത്രി തന്നെയാണ് മറുപടി നൽകിയത്. മയക്കുമരുന്ന് ഉപയോഗത്തിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനമായി കേരളത്തെ സംരക്ഷിച്ചുപോന്നതും 10 വർഷം ഭരിച്ച എൽഡിഎഫ് സർക്കാരിന്റെ നേട്ടംതന്നെ. ഇതെല്ലാം തന്റെ മിടുക്കുകൊണ്ട് നേടിയതാണെന്ന് വരുത്തിത്തീർക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. പിആർ വർക്കിലൂടെ പിടിച്ചുനിൽക്കുന്ന ആഭ്യന്തരവകുപ്പിൽ ‘തൂഫാൻ’ അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.










0 comments