പുതുവത്സരാഘോഷം: സംസ്ഥാനത്ത് നാളെ ബാറുകൾ രാത്രി 12 വരെ പ്രവർത്തിക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ നീട്ടി. നാളെ ബാറുകൾ രാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കും. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോടനുബന്ധിച്ച് ഒരു മണിക്കൂർ കൂടി സമയം നീട്ടി നൽകണമെന്ന് ബാർ ഹോട്ടൽ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ബാറുകളുടെ നാളത്തെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ വിവിധ ബാർ ഹോട്ടലുകളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചതും വിനോദസഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്തുമാണ് സമയം നീട്ടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുന്നതിനൊപ്പം കർശന നിർദ്ദേശങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ അത്തരം ബാർ ഹോട്ടലുകൾ ഉടൻ പൂട്ടിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.










0 comments