മൂന്ന് ചക്രവാതച്ചുഴികൾ, കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കൂടുതൽ ഭാഗങ്ങളിലേക്ക് മുന്നേറാൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
കാലവർഷ മുന്നേറ്റത്തിന് പുറമെ നിലവിൽ മൂന്ന് ചക്രവാതച്ചുഴികള്‍ സജീവമാണ്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപപ്രദേശങ്ങളിലുമായാണ് ഒന്നാമത്തെ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടാമത്തേത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലുമായാണ് മൂന്നാമത്തെ ചക്രവാതച്ചുഴിയുള്ളത്.
ഇവയുടെ സ്വാധീനത്താൽ മെയ് 29, 31, ജൂൺ 1, 2 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 29 മുതൽ ജൂൺ 2 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
മെയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം.
ജൂൺ 01: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
ജൂൺ 02: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം.
ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.











0 comments