കേരളത്തിലെ സെൻസർഷിപ്പ് തുടരുന്നു; മാധ്യമ ഉള്ളടക്കങ്ങൾക്ക് വ്യാപക വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ മാധ്യമ ഉള്ളടക്കങ്ങൾക്കുള്ള സോഷ്യൽ മീഡിയ നിയന്ത്രണം തുടരുന്നു. മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ച വാർത്താകാർഡുകളും പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് വ്യാപകമായി അപ്രത്യക്ഷമാകുന്നു. ചില മലയാള മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് ഒരേ രീതിയിലുള്ള നിയന്ത്രണം നേരിടുന്നതോടെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെതിരെ വിമർശനം ശക്തമാകുകയാണ്.
‘Your photo is unavailable in India’ എന്ന സന്ദേശമാണ് നിയന്ത്രിക്കപ്പെട്ട നിരവധി പോസ്റ്റുകൾ തുറക്കുമ്പോൾ ഫേസ്ബുക്ക് നൽകുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ പ്രസിദ്ധീകരിച്ച വിവിധ വാർത്താ കാർഡുകൾക്കും വീഡിയോകൾക്കും സമാന നിയന്ത്രണം നേരിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ഉള്ളടക്കങ്ങൾ നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യമാണ്.
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾക്ക് മാത്രമല്ല, സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വസ്തുതകൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾക്കും സമാന നിയന്ത്രണം നേരിടുന്നുണ്ട്. ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണമെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആവശ്യവുമായി ബന്ധപ്പെട്ട വാർത്താകാർഡും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വീഡിയോയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
അതേസമയം, ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിന്റെ പ്രസംഗങ്ങൾക്കെതിരെ സമാന നടപടി ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ടി ജി മോഹൻദാസിന്റെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ ഇപ്പോഴും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ല.
ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.
ദേശാഭിമാനി, കൈരളി ന്യൂസ്, റിപ്പോർട്ടർ, ന്യൂസ് മലയാളം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് നിയന്ത്രണം നേരിടുന്നത്. ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ ‘സർക്കാരിന് തൊടാൻ പേടിയോ’ എന്ന ചോദ്യമുയർത്തിയ കൈരളി ന്യൂസിന്റെ വാർത്താകാർഡും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇന്ത്യയിൽ സർക്കാർ നിർദേശങ്ങൾക്ക് പിന്നാലെ മെറ്റ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന നടപടികൾ കൂടുതൽ കർശനമായ സാഹചര്യത്തിലാണ് കേരളത്തിലും സമാന സംഭവങ്ങൾ നടക്കുന്നത്.
ഐടി ആക്ട് പ്രകാരമാണ് നടപടികൾ. നിയമവിരുദ്ധമായതോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്കോ പൊലീസിനോ നിർദ്ദേശിക്കാനാകും. ഈ അധികാരമാണ് ദുർവിനിയോഗം ചെയ്യുന്നത്.










0 comments