print edition മാതൃകാപദ്ധതികള്‍ ; കേരളത്തെ പകർത്താൻ രാജ്യം

തിരുവനന്തപുരം
കേരളത്തിന്റെ സ്വന്തം കെ സ്‌മാർട്ടും ഡിജി കേരളവും പാലിയേറ്റീവ് കെയറും ഇതരസംസ്ഥാനങ്ങൾക്കും മാതൃകയാകും. ഇവയെ കേന്ദ്രസർക്കാരിന്റെ പഞ്ചായത്തീരാജ് മന്ത്രാലയം മാതൃകാപദ്ധതികളായി തെരഞ്ഞെടുത്തു. സംസ്ഥാനങ്ങളിലെ മികച്ച പദ്ധതികളെ മാതൃകാപദ്ധതികളായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ മറ്റു സംസ്ഥാനങ്ങൾക്ക് നിർദേശിക്കാറുണ്ട്. അങ്ങനെയാണ് കേരളത്തിന്റെ മൂന്ന് പദ്ധതികളെ തെരഞ്ഞെടുത്തത്. ഇവയുടെ പദ്ധതി റിപ്പോർട്ട് നേരത്തെ തന്നെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന് സംസ്ഥാന തദ്ദേശഭരണ വകുപ്പ് കൈമാറിയിരുന്നു. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളാണ് മൂന്നും. സംസ്ഥാനത്തെ 14 വയസ്സുമുതലുള്ളവരെ ഡിജിറ്റൽ സാക്ഷരരാക്കിയ പദ്ധതിക്ക് കഴിഞ്ഞദിവസം ദേശീയാംഗീകാരം ലഭിച്ചിരുന്നു. സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ 21,87,667 പേരാണ് പുതുതായി ഡിജിറ്റൽ സാക്ഷരരായത്. സാക്ഷരതാ യജ്ഞംപോലെ സമഗ്രമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിരുന്നു ഇത്. ആഗസ്‌ത് 21ന് ആണ് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാകുന്ന കെ സ്‌മാർട്ട് ചരിത്രം രചിക്കുകയാണ്. ഫയൽകുരുക്കില്ലാതെയും പലതവണ ഓഫീസിൽ കയറിയിറങ്ങാതെയും സർട്ടിഫിക്കറ്റ് ഓൺലൈൻവഴി ലഭ്യമാകുന്ന സംവിധാനം കേരളത്തെയും സ്‌മാർട്ടാക്കുന്നതാണ്. പാലിയേറ്റീവ് കെയർ പ്രവർത്തനമാണ് മറ്റൊരു മാതൃകയാകുന്നത്. തദ്ദേശസ്ഥാപനങ്ങളേയും പാലിയേറ്റീവ് രംഗത്തുള്ള സംഘടനകളേയും ചേർത്തുള്ള പദ്ധതിയിലേക്ക് നിലവിൽ 2.57 ലക്ഷം കിടപ്പുരോഗികൾ രജിസ്‌റ്റർചെയ്‌തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.











0 comments