ad
Deshabhimani

ഇത് പുതിയ കേരളം; അടുത്ത അധ്യയന വർഷത്തെ പുസ്തകവും യൂണിഫോമും റെ‍ഡി; മുഖ്യമന്ത്രി വിതരണം ചെയ്തു

School Uniform and Textbook distribution
വെബ് ഡെസ്ക്

Published on Feb 13, 2026, 02:24 PM | 2 min read

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം ആരംഭിക്കുന്നതിനും മുൻപേ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമും റെഡിയാക്കി പൊതുവിദ്യാഭ്യാസവകുപ്പ്. സ്കൂള്‍ യുണിഫോം, കൈത്തറി യുണിഫോം പദ്ധതിയുടെയും സംസ്ഥാന ഉദ്ഘാടനം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.


മൂന്നുമാസങ്ങൾ മുൻപേയാണ്‌ പാഠപുസ്‌തക വിതരണം ആരംഭിക്കുന്നത്‌. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 3.5 കോടി പാഠപുസ്തകങ്ങൾ ഒന്നാം വാല്യത്തിലും രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്തകങ്ങളുമാണ്‌ വേണ്ടത്‌. ഇതിൽ 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസിൽ പൂർത്തിയായി. ഇതിൽ 55 ലക്ഷം പാഠപുസ്തകങ്ങൾ കെബിപിഎസ് വിവിധ ഹബ്ബുകളിൽ എത്തിച്ചു. മേയ്‌ അവസാനവാരം എല്ലാ പുസ്തകങ്ങളും സ്‌കൂളുകളിൽ എത്തിക്കും. 8,00,193 കുട്ടികൾക്കാണ്‌ കൈത്തറി യുണിഫോം നൽകുന്നത്‌.


അടുത്ത അധ്യയനവർഷം മുതൽ 11– ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും. 15 വർഷങ്ങൾക്കുശേഷമാണ് ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ് സിഇആർടിയുടെ പുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. എൻസിഇആർടിയുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും.


സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി  സർക്കാർ സ്കൂളുകളിലും, 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്കൂളുകളിലുമാണ് കൈത്തറി വകുപ്പ് വഴി കൈത്തറി യൂണീഫോം നൽകിവരുന്നത്. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ  8 വരെയുള്ള ഗവ.  ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആണ്‍കുട്ടികള്‍ക്കും , 1 മുതൽ  8 വരെയുള്ള എയ്ഡഡ് ഹൈസ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതൽ  5 വരെയുള്ള എയ്ഡഡ് സ്കൂളിലെ മുഴുവൻ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണീഫോമിന് 600 രൂപ നിരക്കിൽ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നൽന്നുണ്ട്. പ്രസ്തുത രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത  സർക്കാർ ഹൈസ്കൂളുകളിലെ 1 മുതൽ 8 വരെയുള്ള ബിപിഎൽ ആൺകുട്ടികൾ, എസ് സി/എസ് ടി ആൺകുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗങ്ങൾക്ക്  എസ്എസ്കെ യൂണിഫോം തുക നല്‍കുന്നുണ്ട്. ആകെ 8,00,193 കുട്ടികൾക്കാണ് കൈത്തറി യുണിഫോം വിതരണം ചെയ്യേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home