print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; കരുതലൊരുക്കി ചോദ്യംചെയ്യൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമുണ്ടെന്ന് ആവർത്തിച്ച് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈൻ. ഇയാളുൾപ്പെടെ മൂന്ന് പ്രതികളെ കസ്‌റ്റഡിയിൽവാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ്‌സതീശനുമായുള്ള അടുപ്പത്തെക്കുറിച്ച് ആവർത്തിച്ചത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥന്റെ കർശന നിർദേശമുള്ളതിനാൽ വിഐപി ബന്ധം അന്വേഷകസംഘം മൊഴിയിൽ രേഖപ്പെടുത്തിയില്ല. കൂടുതൽ വിവരങ്ങൾ ചോരാതിരിക്കാൻ കരുതലോടെയാണ് ചോദ്യംചെയ്യൽ.
എംഡിഎംഎ കടത്താനുപയോഗിച്ച വാഹനം പരിശോധിച്ചപ്പോഴും കസ്‌റ്റഡിയിലെടുത്തപ്പോഴും സതീശനുമായുള്ള അടുപ്പം ഹുസൈൻ വെളിപ്പെടുത്തിയിരുന്നു. അത് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയില്ല. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലും ഉന്നതബന്ധം പരാമർശിച്ചില്ല. പ്രതികളുടെ ഫോൺ രേഖ (സിഡിആർ) പരിശോധിക്കാനും ഐ ഫോൺ ഉൾപ്പെടെ ആറ് ഫോണുകൾ ഫോറൻസിക് പരിശോധനയ് ക്ക് അയക്കാനും പൊലീസ് തയ്യാറായിട്ടില്ല. അറസ്‌റ്റിലായ ദിവസം പ്രതികൾ ആരെയാണ് വിളിച്ചതെന്നും പരിശോധിച്ചിട്ടില്ല. വിഐപി ബന്ധം വാട്‌സാപ്പ് കാൾ വഴിയാണ്. ഇൻസ്‌റ്റ, ടെലഗ്രാം മുഖേനയും പലരുമായും ബന്ധപ്പെട്ടു. ഇതെല്ലാം കണ്ടെത്താൻ മൊബൈൽ ഫോൺ ഫോറൻസിക് ലാബിലേക്കോ സിഡാക്കിലേക്കോ അയക്കണം.
രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് മുഹമ്മദ് ഹുസൈൻ. കേരളത്തിൽ എറണാകുളംമുതൽ കാസർകോടുവരെ എട്ട് ജില്ലകളിൽ വേരുണ്ട് ഇൗ സംഘത്തിന്. മുഖ്യമന്ത്രിയുമായുള്ള അടുപ്പം പറഞ്ഞ് വാഹന പരിശോധനയിൽനിന്ന് തടിയൂരുകയാണ് പതിവ്. അറസ്‌റ്റിലായ ദിവസവും മൂന്നിടത്തുനിന്ന് ഇതേ രീതിയിൽ രക്ഷപ്പെട്ടു. ഒടുവിൽ ഡാൻസാഫിന്റെ പരിശോധനയിൽ കുരുങ്ങി. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനാണെന്ന് വ്യക്തമായതോടെ ഇന്റലിജൻസിൽനിന്ന് വിവരം തലസ്ഥാനത്തെ പ്രമുഖൻ അറിഞ്ഞു. അതോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടു.
ബംഗളൂരു കേന്ദ്രമായി നൈജീരിയൻ ലഹരി മാഫിയയിൽനിന്നാണ് ഹുസൈനും സംഘവും മയക്കുമരുന്ന് വാങ്ങുന്നത്. ഒരു സ്‌ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറുന്നത്. ലക്ഷങ്ങളാണ് ഒരാഴ്‌ചക്കകം ഹുസൈന്റെ അക്കൗണ്ടിൽനിന്ന് ഇവർക്ക് നൽകിയത്. പ്രതിക്ക് ഹവാല ബന്ധമുള്ളതായും സംശയമുണ്ട്. നിരവധി തവണ ഇയാൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു. അതേപ്പറ്റിയും അന്വേഷണമില്ല.










0 comments