print edition എൽപിഎസ്‌ടി നിയമനം; സർക്കാരും മുഖ്യമന്ത്രിയും വഞ്ചിച്ചു; സമരം തുടരും

ഓൾ കേരള എൽപിഎസ്ടി അസോസിയേഷൻ രാപകൽ സമരത്തിന്റെ ഭാഗമായി ഏഴാം ദിവസവും സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന വളർമതി
തിരുവനന്തപുരം : യുഡിഎഫ് സർക്കാരും മുഖ്യമന്ത്രി വി ഡി സതീശനും തങ്ങളെ വഞ്ചിച്ചെന്നും കൂടുതൽ ശക്തമായ രീതിയിൽ സെക്രട്ടറിയറ്റിനുമുന്നിൽ കൂട്ടനിരാഹാരം ആരംഭിക്കുമെന്നും എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി ഭാരവാഹികൾ പറഞ്ഞു. നിരവധി തവണ ചർച്ച നടത്തിയെന്നും പരിഹാരം കാണാൻ രണ്ട് മാസം സാവകാശം വേണമെന്നും സർക്കാർ പറയുന്നത് അംഗീകരിക്കാനാകില്ല. വിഷയം പരിഹരിക്കാൻ തങ്ങളുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തിയെന്ന് പറയുന്നത് പച്ചക്കള്ളമാണ്.
ഓരോ തവണയും ഞങ്ങൾ അങ്ങോട്ട് പോയാണ് മുഖ്യമന്ത്രിയെയും മന്ത്രിയെയും സന്ദർശിച്ചത്. ഒടുവിൽ മുഖ്യമന്ത്രിയെ കാണുമ്പോൾ നിങ്ങൾ സമരം ചെയ്തോളൂയെന്ന തരത്തിൽ പുച്ഛിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷ നേതാവായിരിക്കെ എൽപിഎസ്‌ടി റാങ്ക് ലിസ്റ്റുകാരുടെ ആവശ്യത്തിന് ആദ്യംപരിഹാരം കാണുമെന്നാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. എന്നാൽ അധികാരത്തിൽ വന്നശേഷം മലക്കം മറിയുകയായിരുന്നു. റാങ്ക് ഹോൾഡേഴ്‌സ് സമരസമിതി സെക്രട്ടറി വളർമതി ഏഴ് ദിവസമായി നിരാഹാരത്തിലാണ്.
അവരുടെ ആരോഗ്യസ്ഥിതി മോശമായിട്ടുപോലും മന്ത്രിതലത്തിലോ ഉദ്യോഗസ്ഥതലത്തിലോ ഒരു ചർച്ചയ്‌ക്കും തയ്യാറായിട്ടില്ല. വളർമതിയെ കഴിഞ്ഞദിവസം ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. അർഹതപ്പെട്ട ജോലിക്ക് വേണ്ടിയുള്ള ഉദ്യോഗാർഥികളുടെ സമരം 30 ദിവസം പിന്നിടുകയാണ്. സെക്രട്ടറിയറ്റിനുമുന്നിൽ തുടരുന്ന സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് ചൊവ്വാഴ്ച നൽകിയ കത്ത് സമരസമിതി തള്ളിയിരുന്നു. പരിഹാര നടപടി സ്വീകരിക്കാൻ രണ്ട് മാസം സാവകാശം വേണമെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീന്റെ കത്ത്.
കഴിഞ്ഞദിവസം ഉദ്യോഗാർഥികൾ സെക്രട്ടറിയറ്റ് വളഞ്ഞ് മനുഷ്യച്ചങ്ങല തീർത്തും റാങ്ക് ലിസ്‌റ്റ് കത്തിച്ചും പ്രതിഷേധിച്ചിരുന്നു.
അധ്യാപക-– വിദ്യാർഥി അനുപാതം 1:25 ആക്കുക, കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന റാങ്ക് പട്ടികയിൽനിന്ന് അടിയന്തരമായി നിയമനം നടത്തുക, നഷ്ടപ്പെട്ട വർഷങ്ങൾ കണക്കിലെടുത്ത് റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടുക, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് ഉദ്യോഗാർഥികളോട് നീതി പുലർത്തുക, സർക്കാർ ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാറാകുക എന്നിവയാണ് ആവശ്യങ്ങൾ.









0 comments