print edition കുടിശ്ശിക 3696 കോടിരൂപ; വൈദ്യുതി കുടിശ്ശിക ആറുമാസത്തിനകം പിരിച്ചെടുക്കണം: ലോകായുക്ത

തിരുവനന്തപുരം: കെഎസ്ഇബിക്ക് ലഭിക്കാനുള്ള ഭീമമായ വൈദ്യുതി കുടിശ്ശിക 3696 കോടി രൂപ ആറുമാസത്തിനകം പിരിച്ചെടുക്കണമെന്ന് ലോകായുക്ത കോടതി ഉത്തരവിട്ടു. ഇൗ തുക പിരിച്ചെടുക്കാതെ സാധാരണക്കാരുടെമേൽ ഭാരം അടിച്ചേൽപ്പിക്കരുതെന്നും വൻകിട സർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള കോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാതെ വച്ചുതാമസിപ്പിക്കുന്നത് ഗുരുതര വീഴ്ചയാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. സാധാരണ ഗാർഹിക ഉപയോക്താക്കൾക്ക് 15 ദിവസത്തെ രേഖാമൂലമുള്ള നോട്ടീസ് നൽകാതെ വൈദ്യുതി വിച്ഛേദിക്കരുതെന്നും കർശന നിർദേശം നൽകി.
മണ്ണടി പുഷ്പാകരൻ സമർപ്പിച്ച പരാതിയിലാണ് ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് ഷിർസി വി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. സർക്കാർ വകുപ്പുകളുമായുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അല്ലെങ്കിൽ ധനവകുപ്പ് തലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കാനും നിർദേശിച്ചു. കുടിശ്ശിക വിവരങ്ങൾ മൂന്നുമാസത്തിലൊരിക്കൽ വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേസ് 2027 മെയ് 26-ലേക്ക് മാറ്റി.








0 comments