'കേരളം കുതിച്ചു; ചെയ്യാത്തത് ചെയ്തു കാണിച്ചു'; വികസന വഴികളിലൂടെ കിഫ്‌ബി- വീഡിയോ

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച വികസന വഴികൾ തുറന്നു കാട്ടി കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) വീഡിയോ. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം തുടങ്ങിയ വിവിധ മേഖലകളില്‍ കിഫ്ബി നടത്തിയ വികസന പദ്ധതികളാണ് വീഡിയോയിലുള്ളത്.
കേരള ചരിത്രത്തിലെ നൂതനവും ധീരവുമായ കാൽവയ്പായ കിഫ്ബി, ഇരുപത്തഞ്ചോ അമ്പതോ വർഷം കാത്തിരുന്നാൽ മാത്രം ഒരുപക്ഷേ നടന്നേക്കാവുന്ന കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. ഒമ്പതര വർഷത്തിനിടയിൽ ആകെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിനു മുമ്പ് തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നതിനുള്ള നടപടി തുടരുകയാണ്. ഏകദേശം 1,10,000 കോടി രൂപ മൂല്യമുള്ള പദ്ധതികളാണ് ലക്ഷ്യസാധ്യത്തിനായി കിഫ്ബിയിലുള്ളത്. 25,000 കോടി രൂപയുടെ പദ്ധതികൾ സാധ്യമായിക്കഴിഞ്ഞു.
1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ് കിഫ്‌ബി നിലവിൽ വന്നത്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നിയമ ഭേദഗതിയിലൂടെ കിഫ്‌ബിയെ ശാക്തീകരിച്ചു. റിസർവ് ബാങ്കും സെബിയും അംഗീകരിച്ച നൂതന ധനസമാഹരണ മാർഗങ്ങളിലൂടെയും കിഫ്‌ബി നടത്തുന്ന തനതായ വിഭവ സമാഹരണത്തിലൂടെയുമാണ് പണം കണ്ടെത്തുന്നത്. സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരു പങ്കും വർഷം തോറും കിഫ്‌ബിക്ക് സർക്കാർ വിഹിതമായി ലഭ്യമാക്കുന്നു.










0 comments