യുഡിഎഫ് ഭരണത്തിൽ കേരളം എല്ലാ രംഗത്തും പിന്നോട്ടുപോകുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം എല്ലാ രംഗത്തും പിറകോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പവർകട്ടും ലോഡ് ഷെഡിങും ഒഴിവാക്കിയിരുന്നു. ഇപ്പോൾ യുഡിഎഫ് അധികാരത്തിൽവന്ന് ദിവസങ്ങൾക്കുള്ളിൽ കേരളത്തെ ഇരുട്ടിലാക്കി. വൈദ്യുതി ക്ഷാമത്തിന്റെ പേരിൽ സ്വകാര്യ കമ്പനിളുമായി വലിയ ഡീൽ നടത്തുകയാണ് സർക്കാർ. കോർപറേറ്റ് കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന ഓരോ നടപടികളുണ്ടാകുമ്പോഴും കള്ളങ്ങള്‍ പറയുകയെന്ന സ്ഥിരം രീതിയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇക്കാര്യത്തിലും കാണിച്ചത്. ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് ഒപ്പിട്ട വൈദ്യുതി കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതുകൊണ്ടാണ് പവര്‍കട്ട് ഉണ്ടായത് എന്നാണ് പറഞ്ഞ് നടന്നത്. എന്നാല്‍, നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാറുണ്ടാക്കിയതിന്റെ ഭാഗമായി വൈദ്യുതി റഗുലേറ്ററി കമീഷനാണ് കരാര്‍ റദ്ദാക്കിയത്.
ജനദ്രോഹകരമായ നയങ്ങള്‍ക്ക് പുറമെ, മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും കടന്നാക്രമിക്കുകയാണ് സർക്കാർ. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ കെ എസ് അരുണ്‍കുമാറിനെതിരെ പൊലീസ് എടുത്ത കേസ് ഇതിന്റെ ഭാഗമാണ്. ആഭ്യന്ത്രമന്ത്രിയെ വിമർശിച്ചു എന്നപേരിലാണ് കേസ്. വിദൂരമായ ഒരു വിമർശനംപോലും നടത്തുന്നവരെ കേസുകൊണ്ട് നേരിടുന്നതാണ് സർക്കാരിന്റെ രീതി.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം കേട്ടുകേൾവിയില്ലാത്ത രീതിയിൽ നടത്തുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് റൂം റെയ്‌ഡ് ചെയ്‌ത നടപടിയും ഇതിന്റെ തുടര്‍ച്ചയാണ്. എന്നാൽ, വലതുപക്ഷ മാധ്യമങ്ങള്‍ക്കും എന്ത് കാര്യത്തിനും ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സാംസ്‌കാരിക നായകന്മാരും ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ചില്ല എന്നത് കേരളത്തിന്റെ വലതുപക്ഷവല്‍ക്കരണവും, വലതുപക്ഷ മാധ്യമങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടും തുറന്നുകാട്ടുന്നതാണ്.
മാധ്യമത്തിന്റെ മേധാവി എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് കേസുകള്‍ കൈകാര്യം ചെയ്യണം. പക്ഷേ ന്യൂസ് റൂമില്‍ കയറി മാധ്യമ പ്രവര്‍ത്തനത്തെ തന്നെ തടസ്സപ്പെടുത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments