ലേബർ കോഡ്
print edition നിയമനിർമാണമില്ല; പ്രത്യേകസമിതി രൂപീകരിച്ചു

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ലേബർ കോഡുകൾ നടപ്പാക്കാൻ സഹായിക്കുന്ന ചട്ടം രൂപീകരിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിലെ അപകടകരമായ വ്യവസ്ഥകൾ മറികടക്കാൻ നിയമനിർമാണം സാധ്യമാണെന്നിരിക്കെ അതിന് തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പകരം ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ നല്‍കാൻ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം.
ലേബർ കമീഷണർ കൺവീനറും തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ അധ്യക്ഷയുമായി രൂപീകരിച്ച സമിതി 10 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ്, എസ്ടിയു, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെയും തൊഴില്‍ വകുപ്പിന്റെയും പ്രതിനിധികളും നിയമവിദഗ്‌ധരും സമിതിയിലുണ്ട്. അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥാണ് സിഐടിയു പ്രതിനിധി.
ഗോപാൽ ഗൗഡ റിപ്പോർട്ടിലെ ശുപാർശപ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പുതിയ മൂന്ന് നിയമം നിർമിക്കണമെന്ന് സിഐടിയു യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. നാല് പ്രധാന ചട്ടങ്ങൾ സംബന്ധിച്ച് സിഐടിയു 52 നിർദേശങ്ങളും ഭേദഗതി നിർദേശങ്ങളും സമർപ്പിച്ചു. തൊഴിലാളികൾക്ക് അനുകൂലമായി മാത്രമേ ചട്ടം തയ്യാറാക്കാൻ പാടുള്ളൂ എന്ന് സിഐടിയു പ്രതിനിധികളായ കെ എൻ ഗോപിനാഥും കെ എസ് സുനിൽകുമാറും ആവശ്യപ്പെട്ടു. ഗോപാൽ ഗൗഡ കമ്മിറ്റി റിപ്പോർട്ട് പൂർണമായി അവഗണിച്ചിട്ടില്ലെന്നും അതുകൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലേബര്‍ കോഡിന്റെ പ്രത്യാഘാതങ്ങൾക്കുള്ള പരിഹാരമാർഗം നിർദേശിക്കാൻ എൽഡിഎഫ് സർക്കാരാണ് സുപ്രീംകോടതി മുൻ ജഡ്‌ജി ഗോപാൽ ഗൗഡ സമിതി രൂപീകരിച്ചത്. ഭരണഘടനയുടെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ തൊഴിൽ നിയമങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഭേദഗതി വരുത്താം. നിലവിലെ നിയമചട്ടക്കൂടിന് പുറത്തുള്ള, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മൂന്ന് നിയമം നിർമിക്കാനും സമിതി ശുപാർശ ചെയ്‌തിരുന്നു.







0 comments