ad
Deshabhimani

സുസ്ഥിര വികസനത്തിലും കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

cm pinarayi vijayn .jpg
വെബ് ഡെസ്ക്

Published on Feb 23, 2026, 01:26 PM | 2 min read

തിരുവനന്തപുരം: രാജ്യത്തിനാകെ സുസ്ഥിര വികസന മാതൃക എന്താണെന്ന് കാണിച്ചു കൊടുക്കാൻ കേരളത്തിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാട്ടർ മെട്രോ മുതൽ വയനാട് തുരങ്കപാതവരെ അത്തരം പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016-ൽ ഹരിതകേരളം മിഷൻ രൂപീകരിച്ചത്. 'വെള്ളം, വൃത്തി, വിളവ്' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ഈ മിഷനിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇത്രയും വിപുലമായ സംവിധാനമുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


കാലഘട്ടം നേരിടുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കൂട്ടായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ് ഹരിതകേരളം മിഷൻ സെമിനാറിന്റെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ ശോഷണം, ജല-വായു മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ഈ വേദിയിൽ ചർച്ചകൾ നടത്തും. പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിച്ചതിന്റെ ഫലമായി ആഗോളതാപനം വർധിക്കുകയും അതിന്റെ ദൂഷ്യവശങ്ങൾ നമ്മൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ സീറോ എമിഷൻ എന്ന ലക്ഷ്യത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നു വരണം.


മാലിന്യ സംസ്‌കരണ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയത്. ജനങ്ങൾ സ്വയമേവ മുന്നോട്ടുവന്നതോടെ ഇല്ലാതായിക്കൊണ്ടിരുന്ന പല നദികളും വീണ്ടെടുക്കാൻ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും മികച്ച സഹകരണത്തോടെയാണ് 'പച്ചത്തുരുത്ത്' പോലുള്ള വലിയ പദ്ധതികൾ നടപ്പിലാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, അതിനായി സർക്കാരിന് ഇടപെടാൻ കഴിയുന്ന ഗൗരവമായ നിർദ്ദേശങ്ങൾ സെമിനാറിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം, ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകൾ, മനുഷ്യ വന്യജീവി സംഘർഷം, പരിസ്ഥിതിയും മാധ്യമങ്ങളും, കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയും, ദുരന്തസാധ്യതാ മേഖലകളും ദുരന്തനിവാരണ പ്രവർത്തനങ്ങളും, ജലബജറ്റ്, വായു-ജല ഗുണനിലവാരം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രബന്ധാവതരണം, പാനൽ ചർച്ച, വിദഗ്ധരുടെ പ്രതികരണങ്ങൾ തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികൾ.


രണ്ട് സമാന്തര വേദികളിലായി നടക്കുന്ന 18 സെഷനുകളിലായി ആകെ 73 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി വിദഗ്ധർ, ഗവേഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ, വകുപ്പു മേധാവികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home