print edition വലവീശി ഏജന്റുമാർ; പ്രിൻസിപ്പൽ സ്ഥലംമാറ്റത്തിന് പണപ്പിരിവ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സ്ഥലംമാറ്റം തരപ്പെടുത്താമെന്നു പറഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പരാതി. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുപിന്നാലെ, ഇഷ്‌ടമുള്ളിടത്തേക്ക് മാറ്റം ലഭിക്കുന്നതിന് ലീഗ്, കോൺഗ്രസ് നേതാക്കളെ ചിലർ സമീപിച്ചിരുന്നു. ഇത് അവസരമായി കണ്ടാണ് നേതാക്കൾ വകുപ്പുമന്ത്രിയുടെ ഓഫീസിന്റെ പേരു പറഞ്ഞും വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് കേന്ദ്രീകരിച്ചും ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്.
ചിലർ അഡ്വാൻസെന്ന നിലയിൽ തുകയുടെ ചെറിയൊരു ഭാഗം കൈമാറിയതായും വിവരമുണ്ട്. ഓൺലൈനായി സ്ഥലംമാറ്റം നടന്നാലും രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് സ്ഥലംമാറ്റം ഉറപ്പാക്കാമെന്നാണ് ഇവരുടെ വാഗ്‌ദാനം. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റ നടപടികൾ വൈകിപ്പിക്കുന്നത് ഇതിനാണെന്നും ആരോപണമുണ്ട്. അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രൊഫൈൽ അപ്ഡേഷൻ നടത്തുന്നതിനുമുള്ള സമയപരിധി പലതവണ നീട്ടിയിരുന്നു.
ചട്ടപ്രകാരം പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം പൂർത്തിയാക്കിയശേഷമേ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ആരംഭിക്കാൻ സാധിക്കൂ. എന്നാൽ, ഹയർ സെക്കൻഡറി അധ്യാപക സ്ഥലമാറ്റത്തിനുള്ള മാനദണ്ഡങ്ങൾ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ സമയത്ത് രണ്ടുതവണ അധ്യാപക സംഘടനകളുടെ യോഗം ചേർന്ന് അംഗീകരിച്ച മാനദണ്ഡങ്ങളാണ് ഇതുവരെയും ഉത്തരവായി ഇറക്കാത്തത്.
2026–27 അധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും നടന്നിട്ടില്ല. സെൻസസ് ഒന്നാംഘട്ടത്തിന്റെ പേരിൽ താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെയാണ് ഇത് മരവിപ്പിച്ചത്. സെൻസസ് ഒന്നാംഘട്ടം പൂർത്തിയായശേഷവും മാറ്റമുണ്ടായില്ല.
ഇത്തരത്തിൽ സ്ഥലംമാറ്റങ്ങൾ അനിശ്ചിതത്വത്തിലാക്കുന്നത് അഴിമതിക്ക് വഴിയൊരുക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് ആരോപണമുണ്ട്.
പൊതുവിദ്യാഭ്യാസവകുപ്പിലെ വിവിധ ഏജൻസികളുടെ തലപ്പത്തേക്ക് നടന്ന നിയമനങ്ങളിൽ പലതും വിവാദമായിരുന്നു. കച്ചവടമാണ് പിന്നിലെന്ന് ആക്ഷേപമുയർന്നു. എസ്‌എസ്‌കെയിൽ വിവിധ നിയമനത്തിനുള്ള യോഗ്യതകളും വെട്ടിക്കുറച്ചിരുന്നു.










0 comments