Deshabhimani

print edition അധ്യയനവർഷം പകുതിയിൽ അധ്യാപക സ്ഥലംമാറ്റം

Teachers
വെബ് ഡെസ്ക്

Published on Oct 18, 2026, 12:26 AM | 1 min read

തിരുവനന്തപുരം : അധ്യയനവർഷത്തിന്റെ പകുതിയിൽ അധ്യാപക സ്ഥലംമാറ്റത്തിന്‌ കർശന നിർദേശവുമായി പൊതുവിദ്യാഭ്യാസവകുപ്പ്‌. 2025-–26 അധ്യയനവർഷത്തെ ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റവും 2026–-27 അധ്യയനവർഷത്തെ ജില്ലയ്ക്കുള്ളിലെ പൊതു സ്ഥലംമാറ്റവും ഇ‍ൗ ഒക്ടോബറിൽത്തന്നെ പൂർത്തിയാക്കണമെന്നാണ്‌ നിർദേശം.


കോവിഡ്‌ കാലംമുതൽ ഒരുവർഷം പിന്നോട്ടായി നടക്കുന്നതാണ്‌ ഹൈസ്കൂൾ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം. സ്‌കൂൾ തുറക്കുംമുന്പ്‌ പൂർത്തിയാക്കേണ്ടിയിരുന്ന സ്ഥലംമാറ്റങ്ങളാണ്‌ അധ്യയനവർഷത്തിന്റെ പകുതിയിൽ നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്‌. അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ അന്തിമ ഉത്തരവ് 29നും ജില്ലയ്ക്കുള്ളിലെ പൊതു സ്ഥലംമാറ്റത്തിന്റെ അന്തിമ ഉത്തരവ് 31നും പുറപ്പെടുവിക്കണമെന്നാണ്‌ നിർദേശം.


ക്ലാസുകൾ പകുതി പിന്നിട്ടശേഷമുള്ള അധ്യാപകമാറ്റം കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കും. വിവിധ മേളകളുടെ സംഘാടനവും അവതാളത്തിലാക്കും. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെയാണ്‌ ജില്ലയ്ക്കുള്ളിലെ പൊതു സ്ഥലംമാറ്റം സെൻസസിന്റെ പേരിൽ സർക്കാർ മരവിപ്പിച്ചത്‌. മുൻവർഷങ്ങളിൽ മെയ്‌ 20നകം പൂർത്തിയായിരുന്ന സ്ഥലമാറ്റനടപടികൾ അനിശ്ചിതത്വത്തിലായിരുന്നു.


വർഷങ്ങളായി മാനദണ്ഡപ്രകാരം ഓൺലൈനിൽ നടന്നിരുന്ന സ്ഥലംമാറ്റം അട്ടിമറിച്ച്‌ അഴിമതിക്ക്‌ വഴിയൊരുക്കുകയാണെന്ന ആക്ഷേപവും ഉയർന്നു. സർക്കാർ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുമില്ല. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ പൊതു സ്ഥലംമാറ്റം പൂർത്തിയായിട്ടുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home