പി ആർ ഡി പരസ്യം; ഹർജി നൽകിയ യുഡിഎഫിന് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ യുഡിഎഫ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പി ആർ ഡിയുടെ പത്രപരസ്യങ്ങൾ തടയണമെന്ന കോൺഗ്രസ് ആവശ്യം കോടതി അംഗീകരിച്ചില്ല.
സർക്കാരിന് പരസ്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഹർജിയിലെ ആക്ഷേപങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം ഹർജികൾ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകുമോ എന്ന് കോടതി ആദ്യം പരിശോധിക്കും.
പി ആർ ഡി രേഖകൾ ഹാജരാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഇതോടെ സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് തടസ്സമില്ലെന്ന് ഉറപ്പായി. വിവാദ പരസ്യങ്ങൾ ഖജനാവിലെ പണം ദുരുപയോഗം ചെയ്താണ് നൽകുന്നതെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആരോപണം.
എന്നാൽ, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത വകുപ്പിനുണ്ടെന്ന നിലപാടിലാണ് സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ പ്രതിസന്ധി നേരിടുന്ന കോൺഗ്രസിന് കോടതിയിൽ നിന്നേറ്റ ഈ തിരിച്ചടി രാഷ്ട്രീയമായി വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.










0 comments