print edition പമ്പാ നദിയിൽ വസ്‌ത്രം ഉപേക്ഷിക്കൽ; കെഎസ്‌ആർടിസി ബസുകളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കണം

കൊച്ചി : ശബരിമല തീർഥാടകർ പമ്പാനദിയിലും വനമേഖലയിലും വസ്ത്രങ്ങളും പ്ലാസ്‌റ്റിക് മാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയാൻ കെഎസ്ആർടിസി ബസുകളിൽ ബോധവൽക്കരണ സന്ദേശങ്ങൾ കേൾപ്പിക്കണമെന്ന് ഹൈക്കോടതി. വിവിധ ഭാഷകളിൽ തയ്യാറാക്കിയ സന്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കെഎസ്ആർടിസിക്ക് കൈമാറണം.
പമ്പാനദിയുടെ ശുചിത്വവും പവിത്രതയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശങ്ങളിൽ വ്യക്തമാക്കണം. ഷാംപൂ കവറുകൾ പമ്പയിലും പരിസരങ്ങളിലും ഉപേക്ഷിക്കരുതെന്നും സിന്തറ്റിക് കുങ്കുമമടക്കമുള്ളവ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകണം.
വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കുന്നത് തടയാൻ കഴിഞ്ഞ തീർഥാടനകാലത്ത് ഹൈക്കോടതി നൽകിയ നിർദേശങ്ങൾ ഇത്തവണയും നടപ്പാക്കണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
വസ്ത്രങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കണം. സിസിടിവി നിരീക്ഷണത്തിനുപുറമെ സന്നദ്ധപ്രവർത്തകരെയും ദ്രുതകർമസേനയെയും നിയോഗിക്കണം. എരുമേലി ദേവസ്വം ബോർഡ് പാർക്കിങ് ഗ്രൗണ്ടിൽ ശുചിമുറികൾക്ക് സമീപം മാലിന്യം കുന്നുകൂടിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പാർക്കിങ് നിരക്കിനൊപ്പം, അനുവദിച്ചിട്ടുള്ള പാർക്കിങ് സമയപരിധിയും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു.








0 comments